തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലപാട് മാറ്റി.

താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ചെന്നിത്തല ഉപമുഖ്യമന്ത്രിയാകണമെന്ന് തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

Ads By Google

ചെന്നിത്തല മന്ത്രിയാകണമെന്ന് ആര്യാടന്‍ മുഹമ്മദിനെ പോലുള്ളവര്‍ പറഞ്ഞു. അപ്പോള്‍ മന്ത്രിയായാല്‍ കൊള്ളാമെന്ന് താനും പറഞ്ഞു. അല്ലാതെ ചെന്നിത്തല തീര്‍ച്ചയായും മന്ത്രിയാകണമെന്ന് താന്‍ പറഞ്ഞിട്ടില്ല.

എന്‍.എസ്.എസ്സിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. പൊതുവെ കെ.പി.സി.സി പ്രസിഡന്റ് എം.എല്‍.എയായി മത്സരിക്കുന്നത് മന്ത്രിയാകാന്‍ വേണ്ടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെ വൈകുന്നേരം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ തിരുവഞ്ചൂര്‍ വന്നത് രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ലെന്നും മകളുടെ കല്യാണം ക്ഷണിക്കാനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ, ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞത്.

കെ.പി.സി.സി പ്രസിഡന്റും എം.എല്‍.എയും മാത്രമായി ഒതുങ്ങണ്ടേ ആളല്ല ചെന്നിത്തല. എം.എല്‍.എ മാത്രമായി ഒതുങ്ങാനല്ല അദ്ദേഹം മത്സസരിച്ചത്. അദ്ദേഹത്തിന് മന്ത്രി സഭയില്‍ എത്താന്‍ അര്‍ഹതയുണ്ട് വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ മന്ത്രിയാകണമെങ്കില്‍ നേരത്തേ ആകാമായിരുന്നെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മറുപടി. മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം അങ്ങേയറ്റം തൃപ്തി നല്‍കുന്ന ജോലിയാണ്.
ഇപ്പോള്‍ ഏതായാലും മന്ത്രിപ്പണിക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു.

അതേസമയം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ഉണ്ടാകുന്നത് നല്ലതാണെന്നായിരുന്നു എന്‍.എസ്.എസിന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിപ്പാണെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പെരുന്നയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എ, ഐ ഗ്രൂപ്പുപോര് ശക്തമാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും മന്ത്രിസഭക്കും ഇത് ഗുണംചെയ്യും. ഇക്കാര്യത്തില്‍ രമേശിന്റെ അനുവാദവും കോണ്‍ഗ്രസിന്റെ തീരുമാനവുമാണ് പ്രധാനം. മന്ത്രിയായിരുന്ന അനുഭവസമ്പത്തും കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലെ നേതൃപാടവവും സര്‍ക്കാറിന് ഗുണം ചെയ്യുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.