ആലപ്പുഴ: ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യത്തെ പറ്റി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തെറ്റിദ്ധാരണയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.

Ads By Google

ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യത്തെ തല്ലിക്കെടുത്താമെന്ന് സി.പി.ഐ.എം കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭൂരിപക്ഷ സമുദായങ്ങള്‍ ആരുടെയും ചൂലോ വാലോ അല്ല. ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പിണറായി ചിന്തിക്കണം.

എന്‍.എസ്.എസ്- എസ്.എന്‍.ഡിപി ഐക്യത്തെക്കുറിച്ച് പിണറായി വിജയന് സംശയമാണ്. ആ സംശയം എങ്ങനെ മാറ്റിയെടുക്കുമെന്നാണ് ചിന്തിക്കേണ്ടത്.

സംഘപരിവാര്‍ സംഘടനകളുമായി ഭൂരിപക്ഷ ഐക്യത്തിന് ബന്ധമുണ്ടാകില്ലന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ആര്‍.എസ്.എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സി.പി.ഐ.എമ്മിന്റെ ചിലവില്‍ ആര്‍.എസ്.എസ്സിനെ ആരും വെള്ള പൂശേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഹിന്ദു വര്‍ഗീയത വളര്‍ത്താനാണ് ആര്‍.എസ്.എസ് എന്നും ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴും അത് അവര്‍ തുടരുകയാണ്.  യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ മാറിയ സാഹചര്യത്തില്‍ ജാതിസംഘടനകള്‍ ഹൈന്ദവ ഏകീകരണത്തിലേക്ക് എത്തി.

ഈ ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ആര്‍.എസ്.എസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.