ചങ്ങനാശേരി: ദേവസ്വം നിയമഭേദഗതിയുട കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് മഹത്തായ കാര്യമാണന്നും ഇത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഒരുക്കമാണെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . നായരാണെങ്കിലും സുധാകരന്‍ നടത്തിയത് ധീരമായ നടപടിയാണ്. ബില്‍ രൂപപ്പെടുത്തിയതില്‍ അദ്ദേഹത്തെ ശ്ലാഘിക്കുന്നു. സവര്‍ണരിലും നല്ലവരുണ്ട്. അവരാണ് അവര്‍ണരുടെ അവകാശങ്ങള്‍ക്കായി ഒപ്പം നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

രണ്ടാം ക്ഷേത്രപ്രവേശന വിളംബരംപോലെയുള്ള ഇക്കാര്യത്തില്‍ എന്‍ എസ് എസിനെ പ്രീണിപ്പിക്കാന്‍ പെരുന്നയിലെത്തി താന്‍ നിസഹായനാണെന്നു പറഞ്ഞ ദേവസ്വം മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഇടതുമുന്നണിയിലെ ഒരു മന്ത്രിയായ അദ്ദേഹം ഇങ്ങനെ പ്രവര്‍ത്തിച്ചത് മാന്യതയല്ലെന്നു വെള്ളാപ്പള്ളി വിമര്‍ശിച്ചു. കടന്നപ്പള്ളിയുടെ പെരുന്ന സന്ദര്‍ശനം ഒരു കറുത്തപാടായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

ദേവസ്വം ബില്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന വാദം മുടക്ക് ന്യായം മാത്രമാണ്. ഹിന്ദുക്കളുടെ ക്ഷേത്രകാര്യത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസിനും അവകാശമില്ല. ഹിന്ദു ഐക്യവേദിയുടെ അജന്‍ഡ നടപ്പാക്കാന്‍ തങ്ങള്‍ ആര്‍ എസ് എസും ബി ജെ പിയുമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

നിയമസഭ പാസാക്കിയാല്‍ എന്‍ എസ് എസ്. നിയമനടപടി സ്വീകരിക്കുമെങ്കില്‍ ബില്‍ അസ്ഥിരപ്പെടുത്താനുള്ള നടപടിക്കെതിരേ കോടതിയില്‍ തങ്ങള്‍ കക്ഷിചേരും. ചങ്ങനാശേരിക്കടുത്ത് നാലുകോടി എസ് എന്‍ ഡി പി ശാഖ പണികഴിപ്പിച്ച ശ്രീനാരായണഗുരു ക്ഷേത്രത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം