കോട്ടയം: ഉപദേശികളില്ലായിരുന്നുവെങ്കില്‍ പിണറായി വിജയന്‍ ഏറ്റവും നല്ല ഭരണാധികാരി ആവുമായിരുന്നുവെന്ന് എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളാ കോണ്‍ഗ്രസ് മാറിയും മറിഞ്ഞും ശീലമുള്ളവരാണെന്നും വെള്ളാപ്പള്ളി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Also read ട്രംപ് നിങ്ങള്‍ ലോകത്തിന് തന്നെ അപമാനമെന്ന് ‘പ്രസിഡന്റിന്റെ’ മുഖത്ത് നോക്കി പെണ്‍കുട്ടി; കുട്ടിയുടെ രോഷപ്രകടനത്തിന് ഇരയായത് ട്രംപായെത്തിയ അഭിനേതാവ്


പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഉപദേശികളാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായം. ഉപദേശികളെ പറഞ്ഞുവിട്ടാല്‍ ഭരണം കൂടുതല്‍ നന്നാവുമെന്ന് പറഞ്ഞ അദ്ദേഹം ചെറിയ പിശകുകളുടെ പേരില്‍ പല മന്ത്രിമാര്‍ക്കെതിരെയും നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും കൂട്ടിച്ചേര്‍ത്തു.

മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച അദ്ദേഹം കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു. കുരിശ് വെച്ചാലും ശൂലം വെച്ചാലും സര്‍ക്കാര്‍ ഭൂമി കൈയേറിയാല്‍ ഒഴിപ്പിക്കുക തന്നെ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളാ കോണ്‍ഗ്രസിലെ സംഭവ വികാസങ്ങളെക്കുറിച്ച് സംസാരിച്ച വെള്ളാപ്പള്ളി ഇത്തരം സംഭവങ്ങളൊന്നും പുതിയ പ്രതിഭാസമല്ലല്ലെന്നും മാറിയും മറിഞ്ഞും ശീലമുള്ളവരാണ് കേരളാ കോണ്‍ഗ്രസുകാരെന്നും ആരോപിച്ചു.

കേരളാ കോണ്‍ഗ്രസ് ആദര്‍ശ ശുദ്ധിയുള്ള പാര്‍ട്ടി അല്ലെന്നും അവസരവാദ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞ വെള്ളാപ്പള്ളി കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയാതെയാണ് കോട്ടയം ജില്ലാ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായതെങ്കില്‍ പ്രാദേശിക പ്രവര്‍ത്തകര്‍ക്കെതിരെ നേതൃത്വം എന്തുകൊണ്ട് നടപടി കൈക്കൊള്ളുന്നില്ലെന്നും ചോദിച്ചു.

കേരളാ കോണ്‍ഗ്രസില്‍ ഉടന്‍ പിളര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നും നല്ല ഓഫര്‍ കിട്ടിയാല്‍ മാണിയും മകനും എന്‍.ഡി.എയിലേക്ക് പോയിക്കൂടെന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.