ആലപ്പുഴ: വി.എം.സുധീരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം സ്വയം ഒഴിഞ്ഞതല്ലെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനത്ത് നിന്ന് നീക്കുമെന്ന് ഉറപ്പായപ്പോഴാണ് സുധീരന്‍ ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.


Also read മുഖ്യമന്ത്രിയെ വരെ ജനം തോല്‍പ്പിച്ചു; കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരുണ്ടാക്കി ബി.ജെ.പി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വി.ടി ബല്‍റാം 


അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സുധീരനെ മാറ്റുമെന്ന കാര്യം ഉറപ്പായിരുന്നെന്നും ഇതിന്റെ ചര്‍ച്ചകള്‍ക്കുവേണ്ടിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ദല്‍ഹി സന്ദര്‍ശനമെന്നും പറഞ്ഞ വെള്ളാപ്പള്ളി സുധീരനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

‘അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സുധീരനെ സ്ഥാനത്തു നിന്നു മാറ്റുമെന്ന് ഉറപ്പായിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ക്കായാണ് ഉമ്മന്‍ചാണ്ടി ദല്‍ഹിയ്ക്ക് പോയിരുന്നത്. നിലവിലുള്ള ഗ്രൂപ്പുകള്‍ക്ക് പുറമേ മറ്റൊരു ഗ്രൂപ്പുകൂടി രൂപീകരിച്ചതല്ലാതെ കോണ്‍ഗ്രസിനായി ഒന്നും ചെയ്യാന്‍ സുധീരനായില്ല. സുധീരനെത്തിയതോടെ കോണ്‍ഗ്രസ് പാതാളത്തിലായി. ആദര്‍ശപരിവേഷത്തിന്റെ കള്ളവസ്ത്രം അണിയാന്‍ സുധീരന്‍ മിടുക്കനാണ്’ വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

അപ്രതീക്ഷിതമായായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷപദം ഒഴിഞ്ഞിരുന്നത്. ആരോഗ്യപരമായ കാരണങ്ങളായിരുന്നു സുധീരന്‍ രാജിയുടെ കാരണമായി പറഞ്ഞിരുന്നത്.