ആലപ്പുഴ: വരുന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.


Also read 1500 വളണ്ടിയര്‍മാര്‍ വോട്ട് ചെയ്തിട്ടും ലഭിച്ചത് 323 വോട്ട് മാത്രം; ഗോവ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന് ഗോവ സുരക്ഷ മഞ്ച്


‘സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നണിയില്‍ ആലോചിക്കാതെയാണ്. മലപ്പുറത്ത് ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണ്. ഫലം മറിച്ചായാല്‍ താന്‍ വീണ്ടും മീശ വയ്ക്കും’ വെള്ളാപ്പള്ളി പറഞ്ഞു.

ബിജെ.പി സംസ്ഥാന നേതൃത്വം തങ്ങളെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ വെള്ളാപ്പള്ളി കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും പ്രവര്‍ത്തനശൈലി കണ്ട് മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി ഇവിടത്തെ ബി.ജെ.പി നേതൃത്വത്തിനില്ലെന്നു കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി കേരളത്തില്‍ എന്‍.ഡി.എയുടെ സംയുക്ത പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും പറഞ്ഞു.

സവര്‍ണ്ണ അജന്‍ഡയുമായി നടന്നാല്‍ ബി.ജെ.പി കേരളത്തില്‍ പച്ചപിടിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുന്നണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.