വെളിയം: വെളിയത്ത് പൊട്ടിത്തെറിച്ചത് ഐ ഇ ഡി( ഇംപ്രൊവൈസ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍. ഐ.ഇ.ഡിക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള വസ്തുക്കളാണ് അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ചത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വെളിയം മൊട്ടക്കുഴി പറങ്കിമാംവിള വീട്ടില്‍ ജയകുമാര്‍ (36), വെളിയം പാറയ്ക്കല്‍ വീട്ടില്‍ (കേദാരത്തില്‍) കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മാധവന്‍കുട്ടി (50) എന്നിവര്‍ക്കാണു പരിക്കേറ്റത്. ജയകുമാറിന്റെ ഇടതുകയ്യിലെ വിരല്‍ അറ്റുപോയി.

ശരീരമാസകലം ഇരുമ്പാണി തുളച്ചുകയറിയ ഇരുവരുടെയും കണ്ണിനും പരുക്കേറ്റു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ രാത്രി വൈകി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വെളിയം ജംക്ഷനില്‍ കൃഷ്ണകുമാറിന്റെ സ്‌റ്റേഷനറി കടയ്ക്കു മുന്നില്‍ രാത്രി ഏഴരയോടെയാണു സംഭവം. റോഡരികിലുണ്ടായിരുന്ന പൊതി പരിശോധിക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം.

കടയിലെ ചില്ലു ഭരണികള്‍, ട്യൂബ് ലൈറ്റ് എന്നിവ സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്ഥലത്തു നിന്നു കുപ്പിച്ചില്ലുകള്‍, ബാറ്ററി, ആണി, ഇലക്ട്രിക് വയറുകള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കടയിലെത്തിയ മാധവന്‍കുട്ടി മുന്‍വശത്തു റോഡിലിരുന്ന പൊതിയെടുത്തപ്പോള്‍ എമര്‍ജന്‍സി ലൈറ്റാണെന്നു കരുതി. അപ്പോള്‍ അതു വഴി വന്ന സമീപവാസിയും ഇലക്ട്രീഷ്യനുമായ ജയകുമാറിനു ലൈറ്റ് പരിശോധിക്കാനായി നല്‍കി. ജയകുമാര്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.