ന്യൂദല്‍ഹി: വാഹന ഇന്ധന വില നിയന്ത്രണം പിന്‍വലിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. കേന്ദ്ര ധനമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവ് കൗശിക് ബസുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭേദഗതിക്കുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ആറുമാസമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവഴി ഇന്ധന സബ്‌സിഡി ഇനത്തിലുള്ള സര്‍ക്കാറിന്റെ ചിലവ് ജി.ഡി.പി. യുടെ രണ്ടു ശതമാനമായി കുറയും. എണ്ണവില പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണ്.

സബ്‌സിഡിക്ക് പരിധിവരുന്നതോടെ ആഗോള വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ക്കനുസരിച്ചുണ്ടാകുന്ന വ്യതിയാനം ഉപഭോക്താക്കള്‍ വഹിക്കേണ്ടിവരും.

എന്നാല്‍ പരിധി നിശ്ചയിക്കുന്നത് പെട്ടന്ന് നടത്താനാവില്ല. അന്താരാഷ്ട്ര വില കുറഞ്ഞുനില്‍ക്കുന്നതിനാല്‍ ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ പറ്റിയ അവസരമാണിതെന്നും കൗശിക് പറഞ്ഞു.