എഡിറ്റര്‍
എഡിറ്റര്‍
വി.എസ് പോരാളി, അടുപ്പം കൂടുല്‍ പിണറായിയോടെന്നും വീരേന്ദ്രകുമാര്‍
എഡിറ്റര്‍
Saturday 9th November 2013 8:41pm

veeranvspinarayi

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നും ഒരു പോരാളിയാണെന്ന് സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് എം.പി.വീരേന്ദ്രകുമാര്‍.

എന്നാല്‍ വ്യക്തിപരമായി തനിക്കേറ്റവും കൂടുതല്‍ അടുപ്പം  സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍ എന്നും ഒരു പോരാളിയാണ്. സമരമുഖങ്ങളിലൂടെയാണ് വി.എസുമായി അടുക്കുന്നത്. എക്‌സ്പ്രസ് ഹൈവേ, പ്ലാച്ചിമട തുടങ്ങിയ സമരങ്ങളിലൂടെയാണ് വി.എസുമായി അടുക്കുന്നത്. എന്നാല്‍ പിണറായിയുമായാണ് വ്യക്തിപരമായി അടുപ്പം കൂടുതല്‍. അദ്ദേഹം പറഞ്ഞു.

അതേസമയം ലാവ്‌ലിന്‍ കേസിലെ പ്രതികളെ വിട്ടയച്ച സി.ബി.ഐ പ്രത്യേക കോടതി വിധി അസ്വാഭാവികമാണെന്നും അദ്ദേഹം തുറന്നടിച്ചു. ലാവ്‌ലിന്‍ കേസിലെ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അസ്വാഭാവികമാണ്.

ജില്ലാ കോടതിയുടെ അധികാരം മാത്രമാണ് സി.ബി.ഐയുടെ പ്രത്യേക കോടതിക്കുമുള്ളു. മേല്‍ക്കോടതിയില്‍ ആര്‍ക്കും അപ്പീല്‍ പോകാവുന്നതാണ്. ഒരു സാക്ഷിയെയും കോടതി വിചാരണ ചെയ്തിട്ടില്ല.

വിചാരണയും സാക്ഷി വിസ്താരവും ഇല്ലാതെ വിട്ടയക്കുന്നത് കേട്ടു കേള്‍വിയില്ലാത്തതാണ്. എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു. ചരിത്രത്തില്‍ ഇങ്ങിനെ ഒരു വിധി ആദ്യമായാണ്. 2ജി കേസില്‍ സി.എ.ജി പറയുന്നത് വേദവാക്യം.

ലാവ്‌ലിന്‍ കേസിലാകുമ്പോള്‍ പ്രതിപക്ഷം നിലപാട് മാറ്റുന്നു. ലാവ്‌ലിന്‍ ഇടപാട് മൂലം സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടത്തിന് ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു.

ലാവ്‌ലിന്‍ ഒത്തുകളിയാണോ എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ വീരേന്ദ്ര കുമാര്‍ കേസിലെ പ്രൊസിക്യൂട്ടറെ നിശിതമായി വിമര്‍ശിച്ചു.പ്രൊസിക്യൂട്ടര്‍ക്ക് ഒന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല.

പ്രൊസിക്യൂട്ടര്‍ ഒന്നിനും മറുപടി പറഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. മുമ്പത്തെ പ്രൊസിക്യൂട്ടര്‍ കേസ് പഠിച്ചയാളായിരുന്നു.  ട്രയലിന് മുമ്പ് പ്രതികളെ വിട്ടയച്ചത് അസ്വാഭാവികം തന്നെയാണ്.

ഇതേ വിധി വിചാരണ നടത്തി പറയുകയാണെങ്കില്‍ അംഗീകരിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സോളാര്‍ കേസില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സോളാര്‍ കേസില്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ തെളിവുണ്ടെങ്കില്‍ അത് അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടത്. തെളിവില്ലാത്തത് കൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുന്നത്.

റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement