veerendrakumar-rw

കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയഭീരുവാണ് പിണറായി വിജയനെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍. സെബാസ്റ്റ്യന്‍ പോളിനെതിരായ നിലപാട് സി.പി.ഐ.എമ്മില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തെളിവാണ്. ലാവ്‌ലിന്‍ കേസില്‍ കോടതിയെ ഭയന്ന് അപ്പോളോ ആശുപത്രിയില്‍ അഭയം തേടുകയാണ് പിണറായി ചെയ്തത്. ഒരു കേസില്‍ പ്രതിയായ ആള്‍ ആ കേസില്‍ മറ്റൊരാളെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെടുന്നത് കേട്ടുകേള്‍വിയില്ലാത്തതും നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കലുമാണ്. ജനതാദള്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി ജഡ്ജി ആരാകണമെന്നും പിണറായി നാളെ നിര്‍ദേശിച്ചേക്കാം. സ്വയം വിധി പ്രഖ്യാപിക്കുകയും ചെയ്യും. മടിയില്‍ കനമില്ലെങ്കില്‍ എന്ത്‌കൊണ്ടാണ് പിണറായി കേസന്വേഷണത്തെ ഭയപ്പെടുന്നതെന്ന് വ്യക്തമാക്കണം.

എല്‍. ഡി. എഫില്‍ അജണ്ടയും മിനുട്‌സുമൊന്നുമില്ലെന്ന് താന്‍ പറഞ്ഞതിനെ വെളിയം ഭാര്‍ഗവന്‍ പരിഹസിച്ചത് ശ്രദ്ധയില്‍പ്പെട്ടു. ഇടതുമുന്നണിയിലെ തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്നും വെളിയം തന്നെ നേരത്തെ പറഞ്ഞതാണ്. ഒരിക്കല്‍ വെളിയം അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ സ്ഥലം എ. കെ. ജി. സെന്ററായതുകൊണ്ടും പ്രായം പരിഗണിച്ചും ക്ഷമിക്കുന്നുവെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. അല്ലായിരുന്നെങ്കില്‍ കാലിന്റെ മുട്ട് അടിച്ചുതകര്‍ക്കും എന്നാണ് അതിന്റെ അര്‍ത്ഥം.

കേരളത്തിലെ എല്ലാ മാധ്യമങ്ങളുടേയും സംഘടനകളുടേയും നേതാവാണ് താനെന്ന് പിണറായി ധരിക്കരുത്. പിണറായി അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മാത്രം നേതാവാണെന്ന് ഓര്‍ക്കണമെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.