Categories

വീരപുത്രന്‍ വിവാദം: ഹമീദ് ഖേദം പ്രകടിപ്പിച്ചു

veeraputranകോഴിക്കോട്: വിവാദമായ വീരപുത്രന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന പ്രസ്താവനയില്‍ ഹമീദ് ചേന്ദമംഗലൂര്‍ ഖേദം പ്രകടിപ്പിച്ചു. ഇന്ന്(ശനി) മാതൃഭൂമി ദിനപത്രത്തില്‍ ‘അന്ത്യരംഗം: അപമാനിക്കപ്പെടുന്നത് കേരളീയര്‍’ എന്ന പേരില്‍ ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ ലേഖനത്തിലാണ് ഖേദപ്രകടനം.

‘ഏതെങ്കിലും ചരിത്ര പുരുഷനെക്കുറിച്ചുള്ള ചലച്ചിത്രത്തിലോ ഇതര സൃഷ്ടികളിലോ രേഖാധിഷ്ഠിത ചരിത്ര വസ്തുതകള്‍ക്കു കടകവിരുദ്ധമായി വല്ലതും കടന്നുവരുമ്പോള്‍, അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഉദാഹരണത്തിന്, ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ സ്വാഭാവികമരണമോ ഇ.എം.എസ്സിന്റെ സ്വാഭാവികമരണത്തെ കൊലപാതകമോ ആയി വല്ല ചലച്ചിത്ര സംവിധായകരും ചിത്രീകരിച്ചാല്‍ അത് എതിര്‍ക്കപ്പെടണം. എന്നുവെച്ച് ആ ചലച്ചിത്രകാരന്റെ സൃഷ്ടി നിരോധിക്കണമെന്നോ പിന്‍വലിക്കണമെന്നോ ആവശ്യപ്പെട്ടുകൂടാ. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടുതന്നെ വേണം നേരിടാന്‍. നിയമയുദ്ധത്തിനും പേശീബലത്തിനും അവിടെ സ്ഥാനമില്ല. ‘വീരപുത്ര’നോടുള്ള എന്റെ പ്രതികരണത്തില്‍ ഈ തത്ത്വം എപ്പോഴെങ്കിലും പാലിക്കപ്പെടാതെ പോയിട്ടുണ്ടെങ്കില്‍ അതിനുകാരണം എന്റെ അവധാനതക്കുറവാണ്. അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു’. ഇതാണ് ലേഖനത്തിലെ ഭാഗം. തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് ലേഖനത്തിലെ ഭൂരിഭാഗം സ്ഥലവും വിനിയോഗിച്ചതെങ്കിലും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് അവസാന ഖണ്ഡികയില്‍ അദ്ദേഹം ഖേദപ്രകടനം നടത്തുന്നു.

പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രനിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അന്ത്യരംഗമാണ് വിവാദമായത്. സാഹിബിന്റെ മരണം കൊലപാതകമാണെന്ന്് സംശയിപ്പിക്കുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചേന്ദമംഗലൂരിലുള്ള ഹമീദിന്റെ തറവാട്ടില്‍ നിന്നാണ് സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്. പൊറ്റശ്ശേരി അങ്ങാടിയിലെത്തിയപ്പോള്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് സീഹിബിനെ കൊല്ലുകയായിരുന്നുവെന്ന് സംശയിക്കുന്ന തരത്തിലായിരുന്നു സിനിമ.

ഇതിനെതിരെയാണ് ഹമീദ് രംഗത്തുവന്നത്. സിനിമ ചരിത്രവിരുദ്ധമാണെന്നും നിരോധിക്കണമെന്നും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമ നിരോധിക്കണമെന്ന ഹമീദിന്റെ ആവശ്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതെ തുടര്‍ന്നാണ് സിനിമ നിരോധിക്കണമെന്ന ആവശ്യം തന്റെ അവധാനതക്കുറവാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും ഹമീദ് വ്യക്തമാക്കിയത്.

സിനിമ നിരോധിക്കണമെന്ന തന്റെ ആവശ്യത്തില്‍ ഹമീദ് ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയെങ്കിലും സിനിമക്കെതിരെയുള്ള തന്റെ വിമര്‍ശനം അദ്ദേഹം ശക്തമായി തുടരുന്നുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്റെ മരണത്തെക്കുറിച്ച് സംശയമുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ നിര്‍മിച്ച സംവിധായകനും കൂട്ടരും ആരോപിക്കുമ്പോള്‍ മൊത്തം കേരളീയര്‍ തന്നെയാണ് അപമാനിക്കപ്പെടുന്നതെന്ന് ലേഖകന്‍ വ്യക്തമാക്കുന്നുണ്ട്.

4 Responses to “വീരപുത്രന്‍ വിവാദം: ഹമീദ് ഖേദം പ്രകടിപ്പിച്ചു”

 1. Hussain Thangal

  കള്ളി വെള്ളിച്ച്ചത്തായി. പാക്കിസ്ഥാന്‍ അനുകൂല മനസ്ഥിതിയുള്ള തറവാടില്‍ ആണ് ഹമീദ് ജനിച്ചത് എന്ന് ചരിത്രകരമാര്‍ രേഖപെടുത്ടും..

 2. raghunathan

  ശ്രീ ഹമീദ് ചെന്നമാങ്ങല്ലുരിന്റെ ഇപ്പോഴത്തെ നിലപാട് നിതിക്ക് നിരക്കുന്നതായി തോന്നുന്നു. ഒരു വടക്കന്‍ വീരഗാധ പോലെയോ രണ്ടാമുഴം പോലെയോ ഐതിഹ്യമൊ പഴംപുരാനമോ അല്ല സമിപ ഭുതകാലത്ത് ജീവിച്ച അബ്ദുറഹിമാന്‍ സാഹിബ്ബിന്റെ ജീവിതം. സംകല്പത്തിനോ അതിഭാവുകത്ത്വത്തിനോ പകതീര്ക്കലിനൊ സിനിമാകാരന്മാര്‍ പ്രലോഭിതരായിട്ടുന്റെങ്ങില്‍ അവര്‍ സമുഹത്തിനോടു ക്ഷമ ചോതിക്കണം. ‍

 3. SABU JOHN

  ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല. ഇത് സിനിമ ആണ്.

 4. usman makkah

  ഏതായാലും അധികം പേര്‍ക്കും പരിചയമില്ലാതിരുന്ന അബ്ദുറഹിമാന്‍ സാഹിബിനെ എല്ലാരും അറിഞ്ഞു തുടങ്ങിയല്ലോ . അതിനു p t കുഞ്ഹിമുഹമ്മദിന് നന്ദി പറയട്ടെ .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.