തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ കുറഞ്ഞ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത. കോണ്‍ഗ്രസ് നല്‍കാമെന്ന് പറഞ്ഞ നെന്മാറയും ധര്‍മ്മടവും സ്വീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി. യു.ഡി.എഫുമായി തുടര്‍ ചര്‍ച്ചക്ക് ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

12 സീറ്റ് വേണമെന്നാണ് പാര്‍ട്ടി യു.ഡി.എഫിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് സീറ്റ് വരെ തരാമെന്നാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ജനതയെ അറിയിച്ചത്. എന്നാല്‍ ഇതിന് വഴങ്ങേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ആവശ്യമെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകാനും സോഷ്യലിസ്റ്റ് ജനതക്കുള്ളില്‍ ആലോചനയുണ്ട്. അര്‍ഹതപ്പെട്ടത് ലഭിച്ചില്ലെങ്കില്‍ മുന്നണിയെ പുറത്ത് നിന്ന് പിന്തുണക്കാമെന്ന രീതിയില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ വന്നിരുന്നു.