അനുഭവം/ വീണാധരി

 

veenadhariവീണാധരി തെക്കന്‍ കര്‍ണാടകത്തിലെ കുലീനമായൊരു കുടംബത്തിലാണ് ജനിച്ചത്. നിഷ്‌കളങ്കയായ ഗ്രാമീണ പെണ്‍കുട്ടിയായി അവള്‍ വളര്‍ന്നു. ഞാറ്റുപാട്ടിന്റെ ഈണം അവളെ ആനന്ദിപ്പിച്ചു. കുളത്തില്‍ കല്ലെറിഞ്ഞും വയലിലെ വെള്ളം തേവിയും കാളകളുടെ പിന്നാലെ ഓടിയും വളര്‍ന്നു വന്ന വീണ സംഗീതത്തില്‍ ഗാനഭൂഷണം നേടി. മംഗലാപുരത്തെ പനമ്പൂരില്‍ അവള്‍ സംഗീത അധ്യാപികയായി. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ അവള്‍ അതിയായ ആസക്തി പ്രകടിപ്പിച്ചു. എല്ലാ യുവതികളെയും പോലെ സുന്ദരമായൊരു കുടംബ ജീവിതം വീണാധരിയും സ്വപ്‌നം കണ്ടു. വിവാഹിതയായ അവള്‍ക്ക് ഒരു മകന്‍ പിറന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് രോഗ പീഢിതനായി ആശുപത്രിയില്‍ ശരണം പ്രാപിച്ചു. മരണത്തോടടുത്ത ഭര്‍ത്താവ് തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. അതിന് വേണ്ടി കൂടുതല്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. ഭര്‍ത്താവിന് എയ്ഡ്‌സ് ആണ്. ഉടന്‍ തന്നെ നഴ്‌സിന്റെ സഹായത്തോടെ വീണയും ടെസ്റ്റ് നടത്തി. എച്ച് ഐ വി പോസിറ്റീവായിരുന്നു ഫലം. ആഘാതത്തിന് മീതെ ആഘാതം. കുടുംബം തകര്‍ന്നു. എങ്കിലും വീണ ഉയിര്‍ത്തെഴുന്നേറ്റു. കടുത്ത വേദനയിലും അവര്‍ ചിരിക്കാന്‍ പഠിച്ചു. രോഗത്തെക്കുറിച്ച് കൂടുതല്‍ അറിന് നേടി. എച്ച് ഐ വി ബാധിതരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ പ്രയത്‌നിച്ചു. പ്രകൃതിദത്തമായ ഇലകളും വേരുകളും പഴങ്ങളും ധാന്യങ്ങളും കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ചു. എയ്ഡ്‌സ് ബാധിച്ച് ഒറ്റപ്പെട്ട് കഴിയുന്നവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ശേഷിച്ച കാലം അവര്‍ ജീവിച്ചു. ജീവിതം തകര്‍ന്ന ഒട്ടേറെ എയ്ഡ്‌സ് രോഗികള്‍ക്ക് മനക്കരുത്ത് നല്‍കി. അവരുടെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ ശ്രദ്ധ നേടി. 2007 നവംബര്‍ ഒന്നിന് വൈകീട്ട് വീണാധരി ജീവിതത്തോട് വിട പറഞ്ഞു. ലോക എയ്ഡ്‌സ് ദിനത്തില്‍ വീണാധരി വീണ്ടും ഓര്‍മ്മിക്കപ്പെടുന്നു.

ഇനി വീണാധരി പറയട്ടെ…….

എയ്ഡ്‌സി രോഗി മരിച്ചു

എയ്ഡ്‌സ് രോഗി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

എയ്ഡ്‌സ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

എയ്ഡ്‌സിന് മരുന്നു കിട്ടാതെ സ്ത്രീ മരിച്ചു

എയ്ഡ്‌സ് വേശ്യാ തെരുവില്‍ നിന്ന്

ലൈംഗിക ബന്ധം വഴി പകരുന്ന എയ്ഡ്‌സ് രോഗം

എയ്ഡ്‌സ് മനുഷ്യരാശി തന്നെത്താന്‍ വരിക്കുന്ന ശിക്ഷ

എയ്ഡ്‌സ് ബോംബെ രോഗം

എയ്ഡ്‌സിനെതിരെ പൊരുതാന്‍ ആഹ്വാനം

അനധികൃത ലൈംഗിക ബന്ധത്തിലൂടെ തെക്കന്‍ കര്‍ണാടകത്തില്‍ 714 എയ്ഡ് രോഗികകള്‍

എനിക്ക് എച്ച് ഐ വി വന്ന ശേഷം പത്രങ്ങളില്‍ ഞാന്‍ ശ്രദ്ധിച്ച തലക്കെട്ടുകളാണിത്. എനിക്ക് എച്ച് ഐ വി ബാധയുണ്ടാകുന്നതിന് മുമ്പ് പ്രചരിച്ചിരുന്ന ഭീതി നിറഞ്ഞ വാര്‍ത്തകള്‍ എന്നെയും സ്വാധീനിച്ചിരുന്നു. അതുകൊണ്ട് എനിക്ക് എച്ച് ഐ വിയുണ്ടെന്നറിഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നു പോയി. മരണം ആസന്നമായെന്ന തോന്നല്‍ എനിക്കുണ്ടായി. എയ്ഡ്‌സ് മരണത്തിന്റെ പര്യായമാണ്, ഇനി എനിക്ക് ജീവിതമില്ല, ഇങ്ങനെ നീണ്ടു ചിന്തകള്‍.

എനിക്കൊരു പത്രപ്രവര്‍ത്തക സുഹൃത്തുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അയാള്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നു. അദ്ദേഹം ഒരു ദിവസം എന്നോട് പറഞ്ഞു’ വീണേ എയ്ഡ്‌സിനെ പറ്റി ഞാന്‍ പല ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്ന ഉത്തമ ലേഖനങ്ങളാണവയെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാലിപ്പോള്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. എന്റെ ലേഖനങ്ങള്‍ ജനങ്ങളില്‍ ഭീതിയുണ്ടാക്കിയെന്ന് ഇന്ന് ഞാന്‍ അറിയുന്നു. അത് വായിച്ച് എത്രയോ പേര്‍ ആത്മഹത്യ ചെയ്തിരിക്കാം. കടബാധ്യത ഓര്‍ത്ത് മരിച്ചിരിക്കാം. അസ്പൃശ്യരായി മാറ്റി നിര്‍ത്തപ്പെട്ടിരിക്കാം.

എന്റെ പത്രപ്രവര്‍ത്തക സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ പ്രധാനമാണ്. രോഗത്തിന്റെ ഭീതി ചിത്രീകരിക്കാനാണ് പത്രങ്ങള്‍ ശ്രദ്ധിച്ചത്. എന്റെ മനസ് ഞാന്‍ ആദ്യമായി തുറന്നത് മംഗലാപുരത്തെ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ്. ഒരു പത്രസമ്മേളനം വിളിച്ച് ഞാന്‍ അനുഭവങ്ങള്‍ വിശദീകരിച്ചു. എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് എന്നെ ശ്രവിച്ചു. ഒടുവില്‍ ഞങ്ങളെല്ലാം ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നു. എച്ച് ഐ വി ബാധിതരുടെ ഭീതിയകറ്റണം. അവരില്‍ വിശ്വാസം നിറക്കണം. എച്ച് ഐ വിയെന്നാല്‍ എയ്ഡ്‌സ് അല്ലെന്നും എയ്ഡ്‌സ് എന്നാല്‍ മരണമല്ലെന്നുമുള്ള ബോധം സമൂഹത്തില്‍ പ്രചരിപ്പിക്കണം. പേടിച്ച് മരിക്കാനായി കഴിയുന്നവര്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തനം ആത്മബലം പകര്‍ന്നു. അവരില്‍ പുതിയ ഉണര്‍വുണ്ടായി. സന്നദ്ധ സംഘടനകളും ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും രാഷട്രീയക്കാരും എല്ലാം തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തി. ഇക്കാര്യത്തില്‍ വീണാധരി ഒരു നിമിത്തം മാത്രമാണ്.

പത്രങ്ങളിലൂടെ ഞാന്‍ അറിയപ്പെട്ടു. എന്റെ സാന്നിധ്യത്തിന് വേണ്ടി പല ഭാഗത്ത് നിന്നും അന്വേഷണങ്ങള്‍ വന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ എസ് എം കൃഷ്ണ എന്നെ മുംബൈയിലേക്ക് വിളിപ്പിച്ചു. മുംബൈയില്‍ നടപ്പാക്കേണ്ട എയ്ഡ്‌സ് വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഞ്ചു ദിവസം നീണ്ട സെമിനാര്‍ നടത്തി. ഒടുവില്‍ എന്നെകൊണ്ട് പത്രസമ്മേളനം വിളിപ്പിച്ചു. ഇന്ത്യയിലെ പ്രധാന പത്രങ്ങളിലെ പ്രതിനിധികളെല്ലാം അതില്‍ പങ്കെടുത്തു. എയ്ഡ്‌സ് ഇല്ലാതാക്കാന്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വെളിപ്പെടുത്തി. ഇതു വരെ ആര്‍ക്കും അത് അറിയില്ലായിരുന്നു. കോടിക്കണക്കിന് ഡോളര്‍ ഫണ്ടുള്ള പല പദ്ധതികളും ജനങ്ങളില്‍ നിന്ന് മറച്ച് വെക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്റെ പത്രസമ്മേളനം പലരെയും പരിഭ്രാന്തരാക്കി. എയ്ഡ്‌സിന്റെ പേരില്‍ പണം പോക്കറ്റിലാക്കിയവര്‍ ഭീതി പൂണ്ടു. പിന്നീട് ഇത്തരം ഫണ്ടുകളെക്കുറിച്ച് പുറം ലോകം അറിഞ്ഞ് തുടങ്ങി.

മാതാപിതാക്കള്‍ക്ക് എച്ച് ഐ വി ബാധയുള്ളതിനാല്‍ കുട്ടികള്‍ രക്ത പരിശോധന നടത്തണമെന്ന് പറയുന്ന ഹെഡ്മാഷുമാരും രക്ഷാകര്‍ത്തൃ സമിതിയമുണ്ട്. ആദ്യം പരീക്ഷണം നടത്തേണ്ടത് അവരാണ്. അവരെല്ലാം എച്ച് ഐ വി പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പിച്ചവരാണോ? അവരില്‍ ചിലര്‍ക്കെങ്കിലും രോഗം ഉണ്ടാവില്ലേ? ആദ്യം അവര്‍ നടത്തട്ടെ. എന്നിട്ട് മതി കുട്ടികളെ പരിശോധിക്കുന്നത്. സ്ത്രീകളാണ് എച്ച് ഐ വിക്ക് ഇരയാകുന്നതെന്ന് പറയാറുണ്ട്, കാരണം പരിശോധന നടത്തുന്നവര്‍ കൂടുതലും സ്ത്രീകളാണ്. പുരുഷന്‍മാര്‍ ഇക്കാര്യത്തില്‍ പിന്നിലാണ്.

എച്ച് ഐ വിയുടെ പേരില്‍ ബഹുരാഷ്ട്രകുത്തകകള്‍ പണം വാരിക്കൂട്ടുകയാണ്. മരുന്നുകള്‍ക്ക് വില കൂട്ടി പണം ഭാഗിച്ചെടുക്കാനുള്ള തന്ത്രമാണിത്. എച്ച് ഐ വിക്ക് മരുന്നില്ലെന്ന് ആദ്യം അവര്‍ പ്രചരിപ്പിക്കും. പിന്നീട് മരുന്ന് തങ്ങളുടെ പക്കലുണ്ടെന്നും പൂര്‍ണമായി സുഖപ്പെടുമെന്നും പറയും. ഇങ്ങനെ മരുന്ന് കച്ചവടം പൊടിപൊടിക്കും. ഇത് ചൂഷണമാണ്. പൊതു ജനങ്ങളെ വഞ്ചിക്കല്‍.

ആന്റി റിട്രോ തെറാപ്പി മരുന്നുകള്‍ ശരീരത്തിന് ദോശമുണ്ടാക്കുന്നതാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയല്‍, കിഡ്‌നി-കരള്‍ തകരാറിലാകല്‍, ഛര്‍ദി തുടങ്ങിയവ ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്. സത്യത്തില്‍ ആന്റി റിട്രോ തെറാപ്പി മെഡിസിന്‍ സ്വീകരിക്കുന്ന എച്ച് ഐ വിക്കാര്‍ രോഗം കൊണ്ടാണോ മരുന്നുകൊണ്ടാണോ മരണപ്പെടുന്നതെന്ന് പരിശോധിക്കപ്പെടണം. ആന്റി റിട്രോ തെറാപ്പി സേവിച്ച് രോഗം മാറിയവരെക്കുറിച്ച് ആരും പറയുന്നില്ലല്ലോ….

എയ്ഡ്‌സെന്ന രോഗത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച്, സ്വയം ഉത്തരം കണ്ടെത്തി വീണാധരി മറഞ്ഞുപോയി. എയ്ഡ്‌സ് രോഗികള്‍ വെറുക്കപ്പെടേണ്ടവരല്ലെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ ജീവിതത്തിലൂടെ ബോധ്യപ്പെടുത്തി. തനിക്കു ചുറ്റുമുള്ള രോഗികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനായി അവര്‍ താന്‍ രോഗിയാണെന്ന് സമൂഹത്തോട് സ്വയം വെളിപ്പെടുത്തി. രോഗത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സ്വന്തം ജീവിത രീതി നിര്‍മ്മിച്ചെടുത്തു. എയ്ഡ്‌സ് രോഗം ബാധിച്ചവരെല്ലാം ഇന്ന് രോഗത്തിനെതിരെയുള്ള പോരാട്ടത്തിന് രംഗത്തിറങ്ങുന്നു. വീണാധരി ഓര്‍മ്മിക്കപ്പെടുന്നത് സന്നദ്ധപ്രവര്‍ത്തകരായി മാറിയ ഇത്തരം രോഗികളിലൂടെയാണ്.

(കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച വീണാധരിയുടെ ആത്മകഥയുടെ വിവര്‍ത്തനമായ എ­ന്റെ ക­ഥ­യില്‍ നിന്ന്)