മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ പാക് ചലച്ചിത്രതാരം വീണാ മാലികിനെ മുംബൈയില്‍വെച്ച് കാണാതായി.  ‘മുംബൈ 125 കിലോമീറ്റേഴ്‌സ്’  എന്ന ചിത്രത്തിന്റെ ഷുട്ടിംഗിനിടെയാണ് വീണയെ കാണാതായത്. പടിഞ്ഞാറന്‍ ഗൊരേഗൗണില്‍വെച്ചായിരുന്നു ഷൂട്ടിംഗ്.

വീണയെ ഡിസംബര്‍ 16മുതല്‍ കാണാനില്ലെന്ന് അവരുടെ ബിസിനസ് മാനേജരായ പ്രാടിക് മെഹ്തയും, സിനിമാനിര്‍മാതാവ് ഹേമന്ദ് മധുകറും വെളിപ്പെടുത്തി.

Subscribe Us:

താന്‍ വലിയൊരു പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് വീണ തനിക്ക് എസ്.എം.എസ് അയച്ചിരുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു. കഴിഞ്ഞ രണ്ടുദിവസമായി വീണ വളരെ അസ്വസ്ഥയായിരുന്നെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ എഫ്.എച്ച്.എം മാഗസീനിന്റെ കവര്‍ പേജില്‍ വീണയുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പാക് ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നും നടിക്ക് വധഭീഷണിയുണ്ടായിരുന്നു. ഇസ്‌ലാമിക രീതികള്‍ക്ക് വിരുദ്ധമായാണ് വീണ മുന്നോട്ടുപോകുന്നതെന്ന് മതമൗലിക വാദികള്‍ ആരോപിക്കുകയും ചെയ്തിരുന്നു.

മുസ്‌ലീം സ്ത്രീകളെ ബുര്‍ഖയില്‍ നിന്നും മോചിപ്പിക്കണമെന്നും മാനം കാക്കല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ട് വീണ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇസ്‌ലാമിനെ പറ്റി ആളുകള്‍ മോശമായി അഭിപ്രായമുണ്ടാക്കിയെന്നാരോപിച്ച് വീണയ്‌ക്കെതിരെ ഫത്‌വ ഇറക്കുമെന്ന് പാക് മതപണ്ഡിതന്‍ മൗലാന അബ്ദുല്‍ ക്വാദി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വീണ പ്രത്യക്ഷപ്പെട്ടത് പാക്കിസ്ഥാനില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് നടി ഷോയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.

നേരത്തെ മുന്‍കാമുകന്‍ മുഹമ്മദ് ആസിഫിനെതിരെ ഒത്തുകളി ആരോപണം നടത്തി വീണ മാധ്യമശ്രദ്ധ തേടിയിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ആസിഫിനെതിരെ വീണ മൊഴി നല്‍കുകയും ചെയ്തിരുന്നു.

Malayalam News

Kerala News In English