തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരേ അഴിമതിയാരോപണവുമായി വി.ഡി സതീശന്‍ എം.എല്‍.എ രംഗത്ത്. അരുണ്‍ കുമാര്‍ കെ.പി.പി നമ്പ്യാര്യോട് 75 കോടി രൂപ ആവശ്യപ്പെട്ടതായാണ് സതീശന്‍ ആരോപിച്ചിരിക്കുന്നത്.

കണ്ണൂര്‍ വൈദ്യുത പദ്ധതിക്ക് കമ്മീഷനായാണ് അരുണ്‍ കുമാര്‍ പണം ആവശ്യപ്പെട്ടത്. ഇക്കാര്യം കെ.പി.പി നമ്പ്യാരുടെ ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ വി.എസ് തയ്യാറുണ്ടോ എന്ന് സതീശന്‍ ആരോപിച്ചു.

വി.എസ് മുഖ്യമന്ത്രിയായ ശേഷം അരുണ്‍കുമാര്‍ നിരവധി വിദേശയാത്ര നടത്തിയിട്ടുണ്ട്. അനധികൃതമായി ലഭിച്ച പണംകൊണ്ടാണ് ഇത്തരം യാത്രകളെല്ലാം നടത്തിയിട്ടുള്ളത്. അരുണ്‍ കുമാറിന്റെ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

പെണ്‍വാണിഭക്കാരെ കൈയ്യാമംവെച്ചു നടത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതെല്ലാം വിഴുങ്ങുകയാണ്. പി.ശശിക്കെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്നും കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം പോലീസ് അന്വേഷിക്കണമെന്നുമാണ് മുഖ്യമന്ത്രി പറയുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.