Administrator
Administrator
മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് സതീശന്‍
Administrator
Saturday 28th May 2011 1:51pm

vd-satheesanകൊച്ചി: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ വ്യക്തിപരമായി നിരാശയുണ്ടെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ. തദ്ദേശവകുപ്പ് വിഭജിച്ചത് വിചിത്രമാണെന്നും ഒരു സ്വകാര്യചാനലിനോട് സംസാരിക്കവേ സതീശന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ആവശ്യമായ മുന്നൊരുക്കും നടത്തിയിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് യാതൊരു പഠനവും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിലെ പ്രചാരണരീതിയും ശരിയായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടുവെന്നും സതീശന്‍ വ്യക്തമാക്കി.

മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ നിരാശയുണ്ടെന്ന് പറഞ്ഞ സതീശന്‍ എന്തുകൊണ്ടാണ് സ്ഥാനം നഷ്ടമായതെന്ന് അറിയില്ലെന്നും വ്യക്തമാക്കി. തദ്ദേശവകുപ്പ് മൂന്നായി വിഭജിച്ചത് വിചിത്രമായി തോന്നിയെന്നും മന്ത്രിതല ഉപസമിതിയെ നിയോഗിച്ചത് മുഖ്യമന്ത്രിക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും സതീശന്‍ പറഞ്ഞു.

പെട്ടി ചുമക്കുന്നവര്‍ക്ക് നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കിയത് ശരിയായില്ല. രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും പേരുകള്‍ പോലും അവര്‍ അറിയാതെ ഉപയോഗിക്കുകയാണ്. സാമുദായിക ശക്തികള്‍ ഒരു പാര്‍ട്ടിയെ അധികാരത്തിലേറ്റാനും താഴെയിറക്കാനും കഴിയില്ലെന്നും അഭിമുഖത്തില്‍ സതീശന്‍ വ്യക്തമാക്കി.

Advertisement