എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് ഉപസമിതിയുടെ വിശ്വസ്യത നഷ്ടമായി: നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്ന് വി.ഡി സതീശന്‍
എഡിറ്റര്‍
Friday 3rd August 2012 12:00pm

കൊച്ചി: ടി.എന്‍ പ്രതാപന്‍ എം.എല്‍.എയ്‌ക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തിയ വിമര്‍ശനത്തോടെ നെല്ലിയാമ്പതി സന്ദര്‍ശിച്ച യു.ഡി.എഫ് ഉപസമിതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിച്ചെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. അതുകൊണ്ട് ആറ് യു.ഡി.എഫ് എം.എല്‍.എ മാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ച് അവിടുത്തെ കാര്യങ്ങള്‍ മനസിലാക്കുമെന്നും സതീശന്‍ പറഞ്ഞു. ഏറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

തന്നെക്കൂടാതെ ഹൈബി ഈഡന്‍, ടി.എന്‍. പ്രതാപന്‍, വി.ടി. ബല്‍റാം, കെ.എം. ഷാജി, എം.വി. ശ്രേയാംസ്‌കുമാര്‍ എന്നീ എം.എല്‍.എമാരാണ് നെല്ലിയാമ്പതി സന്ദര്‍ശിക്കുക. പാട്ടക്കരാര്‍ ലംഘിച്ചതായ ഭൂമിയെല്ലാം സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

ടി.എന്‍ പ്രതാപന്‍ എം.എല്‍.എയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച പി.സി ജോര്‍ജിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വി.ഡി സതീശന്‍ വിമര്‍ശിച്ചത്. പി.സി. ജോര്‍ജിനെ കയറൂരി വിട്ടവര്‍ അദ്ദേഹത്തെ നിയന്ത്രിക്കണം. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മെക്കിട്ട് കയറാന്‍ ആരെയും അനുവദിക്കില്ല. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്.  യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍പും വിഷയം ഉന്നയിച്ചിരുന്നു. അന്ന് ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ജോര്‍ജ് മാപ്പുപറഞ്ഞതാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പിന്നീടും ഇത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണ്. വഴിനടക്കുന്നവര്‍ പോലും കോണ്‍ഗ്രസ് എം.എല്‍.എമാരെ ആക്ഷേപിക്കുന്നതില്‍ നിന്ന് അവരെ രക്ഷിക്കാനുള്ള പൂര്‍ണമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനുമുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ യു.ഡി.എഫ് രാഷ്ട്രീയത്തെ തന്നെ അത് ഗുരുതരമായി തകര്‍ക്കുമെന്നും വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി.

പി.സി. ജോര്‍ജ് ടി.എന്‍ പ്രതാപനെതിരെ നടത്തിയ പരാമര്‍ശങ്ങളെക്കാള്‍ തങ്ങളെ വേദനിപ്പിച്ചത് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും കെ.പി.സി.സി നേതാവിന്റെയും പ്രതികരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈബി ഈഡനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നെല്ലിയാമ്പതിയില്‍ പോകുന്ന കാര്യം കെ.പി.സി.സി അധ്യക്ഷനെ അറിയച്ചിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Advertisement