ന്യൂദല്‍ഹി: സി ഡി മായിയെ എന്‍ഡോസള്‍ഫാന്‍ ദുരന്തഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച പഠനസമിതിയുടെ അധ്യക്ഷനായി നിയോഗിച്ചു. ഇതുസംബന്ധിച്ച കത്ത് ലഭിച്ചതായി മായി അറിയിച്ചു. എന്നാല്‍ സംഘത്തിന്റെ അധ്യക്ഷനാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മായി അറിയിച്ചു.

എന്നാല്‍ മായിയെ പഠനസംഘത്തിന്റെ തലവനായി നിയോഗിച്ചതിനെതിരേ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. എന്‍ഡോസള്‍ഫാന് അനുകൂലമായി തീരുമാനമെടുത്ത മായിയെ തന്നെ പഠനസമിതി അധ്യക്ഷനായി തിരഞ്ഞൈടുത്തത് അങ്ങേയറ്റം അന്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. നിരവധി സ്ഥാപനങ്ങല്‍ ആധികാരികമായി പഠനം നടത്തി എന്‍ഡോസള്‍ഫാന് എതിരായി റിപ്പോര്‍ട്ടുനല്‍കിയിട്ടുണ്ടെന്നും പുതിയൊരു പഠനസംഘത്തിന്റെ ആവശ്യമില്ലെന്നും സുധീരന്‍ പറഞ്ഞു.

സി ഡി മായിയെ പഠനസംഘത്തിന്റെ നേതൃസ്ഥാനം നല്‍കുന്നത് കുറുക്കന്റെ കൈയ്യില്‍ കോഴിയെ സൂക്ഷിക്കാനേല്‍പ്പിക്കുന്നതുപോലെയാണെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തിന് നീചമായ താല്‍പ്പര്യമുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അതിനിടെ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ച നിലപാട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് സൂചന. കാസര്‍ക്കോട് വലിയൊരു മേഖലയായതിനാല്‍ ഇരകളെ നേരിട്ട് സന്ദര്‍ശിക്കാന്‍ സാധിക്കില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദുരിതത്തിനിരയായവര്‍ക്ക് എന്‍ ജി ഒ കള്‍ വഴിയോ കലക്ട്രറേറ്റിലെത്തിയോ പരാതികള്‍ ബോധിപ്പിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തുന്ന കേന്ദ്രപഠനസംഘത്തെ കാസര്‍ക്കോട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കാമ്പെയിന്‍ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി രാമകൃഷ്ണന്‍ വ്യക്തമാക്കി.