എഡിറ്റര്‍
എഡിറ്റര്‍
വി.സി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജലീല്‍ പട്ടാമ്പിക്കും ജലീല്‍ രാമന്തള്ളിക്കും
എഡിറ്റര്‍
Friday 3rd August 2012 4:09pm

പി.എം അബ്ദുല്‍ റഹിമാന്‍  അബുദാബി

അബുദാബി : അബുദാബി കെ.എം.സി.സി. അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നാലാമത് വി.സി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പ്രമുഖ പ്രവാസി പത്രപ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജലീല്‍ രാമന്തളി എന്നിവര്‍ക്ക്  സമ്മാനിക്കും. 10,001 രൂപയും പ്രശംസാപത്രവും ഉപഹാരവുമടങ്ങുന്നതാണ് പുരസ്‌കാരം. ചന്ദ്രിക പത്രാധിപര്‍ ആയിരുന്ന വി.സി അബൂബക്കറുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

Ads By Google

മിഡില്‍ ഈസ്റ്റ് ചന്ദ്രിക യു.എ.ഇ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആണ് ജലീല്‍ പട്ടാമ്പി. യു.എ.ഇ.യിലെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ  ഇന്ത്യന്‍ മീഡിയ ഫോറം ( I M F ) ജനറല്‍ സെക്രട്ടി ആയി പ്രവര്‍ത്തിച്ചിരുന്നു.  ദി ഹിന്ദു, മാധ്യമം, ഗള്‍ഫ് മാധ്യമം എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാകേന്ദ്രം, കേരള സഹൃദയ മണ്ഡലം, ദുബായ് വായനക്കൂട്ടം, ചിരന്തന സാംസ്‌കാരികവേദി തുടങ്ങിയവയുടേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

യു.എ.ഇ.  രാഷ്ടപിതാവ് ശൈഖ് സായിദിന്റെ ജീവചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ രചിച്ച  ജലീല്‍ രാമന്തളി ഗള്‍ഫിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമാണ്. പ്രവാസികളുടെ ജീവിതം വരച്ചു കാട്ടുന്ന ഒട്ടേറെ കൃതികളുടെ രചയിതാവാണ്.  ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ , അഭയം തേടി, സ്‌നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗരത്തിലെ കുതിരകള്‍, ഗള്‍ഫ് സ്‌കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, നേര്‍ച്ച വിളക്ക്, തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ് ആയ ഇദ്ദേഹം അബുദാബി യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ( ഇമ ) യുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. സമഗ്ര സംഭാവനക്കുള്ള ദുബായ് വായനക്കൂട്ടം  സഹൃദയ അഴീക്കോട് പുരസ്‌കാരം,  മാടായി പഞ്ചായത്ത് കെ.എം.സി.സിയുടെ മാധ്യമ പുരസ്‌കാരം,   ചിരന്തന സാംസ്‌കാരികവേദിയുടെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

സെപ്റ്റംബര്‍ അവസാന വാരം അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും എന്ന്  ഭാരവാഹികളായ ഇ. ടി. മുഹമ്മദ് സുനീര്‍, പി. വി. മുഹമ്മദ് നാറാത്ത്, സി. ബി. റാസിഖ് കക്കാട്, താജ് കമ്പില്‍ എന്നിവര്‍ അറിയിച്ചു.

Advertisement