തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നിയമനം ഇനിയും നീളും. നിയമനം സംബന്ധിച്ച് തീരുമാനമെടുക്കുന്ന സമിതിയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് വി.സി നിയമനത്തില്‍ തീരുമാനമെടുക്കുന്നതെന്നും ഉന്നത പദവികളിലെ നിയമനം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ ചില കാലതാമസവും പ്രശ്‌നങ്ങളും ഉണ്ടാകുക പതിവാണെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ വി.സി.പദവിയിലേക്ക് ലീഗ് നിശ്ചയിച്ച വ്യക്തിക്ക് മതിയായ യോഗ്യതയില്ലെന്നത് വിവാദമായിരുന്നു. വിരൂരവിദ്യാഭ്യാസ പദ്ധതി വഴി പി.എച്ച്.ഡി നേടിയ റിട്ട. സ്‌ക്കൂള്‍ മാസ്റ്ററെ വിസിയാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചത്.