മലപ്പുറം: സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിന് സി പി ഐ എം നടത്തിയ വയനാട് മോഡല്‍ സമരം മലപ്പുറത്തേക്കും വ്യാപിപ്പിക്കുന്നു. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം തന്നെയായിരിക്കും മലപ്പുറത്തും നടക്കുക. നിലമ്പൂരിനടുത്ത മമ്പാട്, പുളളിപ്പാടം, കുറുമ്പിലങ്ങോട് വില്ലേജുകളില്‍ വിതരണം ചെയ്യാതെ കിടക്കുന്ന സര്‍ക്കാര്‍ മിച്ചഭൂമി പിടിച്ചെടുത്ത് സമരം തുടങ്ങാനാണ് പാര്‍ട്ടി ആലോചന.

ഇതു സംബന്ധിച്ച് ആദിവാസി ക്ഷേമ സമിതിക്ക് പാര്‍ട്ടി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സമരത്തിന് മുന്നോടിയായി നിലമ്പൂരില്‍ സംഘടിപ്പിച്ച ആദിവാസി ക്ഷേമ സമിതിയുടെ കണ്‍വെന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി കെ സി കുഞ്ഞിരാമന്‍ എം എല്‍ എ പങ്കെടുത്തു.

മലപ്പുറത്ത് മമ്പാട്, പുള്ളിപ്പാടം മേഖലയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി കളളരേഖകള്‍ ഉണ്ടാക്കി ഭൂമാഫിയകള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. ഈ ഭൂമി തിരിച്ച് പിടിച്ച് ആദിവാസികള്‍ക്ക് നല്‍കും. സമരം ജില്ലയുടെ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്.