കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മകള്‍ ഡോ.ലക്ഷ്മി മല്‍സരിച്ചേക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി വയലാര്‍ രവി സൂചന നല്‍കി. കേന്ദ്രത്തില്‍ ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാല്‍ സംസ്ഥാന രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രവിയുടെ മകള്‍ ഡോ.ലക്ഷ്മി കോട്ടയത്തു നിന്ന് മല്‍സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് രവി മകള്‍ മല്‍സരിച്ചേക്കാമെന്ന സൂചന നല്‍കിയത്. മക്കള്‍ രാഷ്ട്രീയത്തോട് എതിര്‍പ്പാണെന്നും എന്നാല്‍ തങ്ങളുടേത് രാഷ്ട്രീയ കുടുംബമാണെന്നും രവി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി യോഗ്യനാണ്. വലാര്‍ രവി മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കേന്ദ്രത്തില്‍ തനിക്ക് പുതയി ചുമതലകള്‍ ഉണ്ടാവുന്നതിന് മുമ്പാണ് ഇത്തരം ചര്‍ച്ചകള്‍ നടന്നതെന്നും ഇപ്പോള്‍ എനിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാം ഗ്രൂപ്പിലെ മേഴ്‌സി രവി ജയിച്ച മണ്ഡലമാണ് കോട്ടയം. എന്നാല്‍ 2006ല്‍ ഇതേ ഗ്രൂപ്പിലെ അജയ് തറയില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിലെ നാലാംഗ്രൂപ്പാണ് ഡോ.ലക്ഷ്മിയുടെ പേര് നിര്‍ദേശിച്ചത്. കോതമംഗലം സെന്റ് ഗ്രിഗോറിയസ് ഡെന്റല്‍ കോളേജ് അധ്യാപികയാണ് ഡോ.ലക്ഷ്മി.