ഹൈദരാബാദ്: ഹസാരെ സംഘത്തിന് അമേരിക്കന്‍ സംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് ഹസാരെയുടെ പ്രസ്താവനകളെന്നും മന്ത്രി പറഞ്ഞു. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നതായും വയലാര്‍ രവി പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്കെതിരായി ഹസാരെ സംഘം ഉയര്‍ത്തിയ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും രവി വ്യക്തമാക്കി.

Subscribe Us:

ഇവരെല്ലാം നിഷ്‌കളങ്കരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. അമേരിക്കന്‍ സംഘടനകള്‍ നല്‍കുന്ന മാക്‌സസെ അവാര്‍ഡാണ് ഇവര്‍ക്ക് ലഭിച്ചത്. മാഗ്‌സസെ അവാര്‍ഡ് ലഭിക്കുന്നതിനായി എന്ത് സേവനങ്ങളാണ് കിരണ്‍ബേദിയും ഹസാരെയും കെജ്‌രിവാളും സമൂഹത്തിന് നല്‍കിയതെന്നും മന്ത്രി ചോദിച്ചു.

കിരണ്‍ബേദിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഇവരൊന്നും സത്യസന്ധന്മാരല്ലെന്നും രവി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി. നാരായണസ്വാമിയും ഹസാരെ സംഘത്തിനെതിരേ രംഗത്തെത്തിയിരുന്നു. വിദേശ ശക്തികളുടെ പിന്തുണയോടെ ഹസാരെ സംഘം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നായിരുന്നു നാരായണസ്വാമിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് വയലാര്‍ രവിയും പരസ്യമായ വിമര്‍ശനമുയര്‍ത്തിയത്.