കോട്ടയം: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരണമാകമെന്ന് കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവി. ഇടതുപാര്‍ട്ടികളുമായി ധാരണയുണ്ടാക്കുന്നതില്‍ തെറ്റില്ല. ദേശീയതലത്തില്‍ ഇടതു പാര്‍ട്ടികളുമായി  കോണ്‍ഗ്രസിനു കാര്യമായ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും രവി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ പ്രതിസന്ധികളില്ല. ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുമാണ് കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മുഖ്യ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരിയമ്മയ്ക്കും ടി.വി തോമസിനുമെതിരെ പി.സി ജോര്‍ജ് നടത്തിയ പരമര്‍ശങ്ങളേയും രവി വിമര്‍ശിച്ചു. ഇരുവര്‍ക്കുമെതിരെ പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയി. ബഹുമാനം അര്‍ഹിക്കുന്ന വ്യക്തികളാണ് ഇരുവരുമെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.ഒരു നേതാവിനു നേരെയും ഇത്തരം
ആരോപണങ്ങള്‍ ഉണ്ടാവരുതായിരുന്നു.

താനായിരുന്നു കെ.പി.സി.സി പ്രസിഡന്റ് എങ്കില്‍ ഇങ്ങനെ പറയാന്‍ ആരും ധൈര്യപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ രവി.