ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന് വയലാര്‍ രവിയുടെ പരോക്ഷ വിമര്‍ശനവും ഉപദേശവും. എം.ഡി.എം.കെ. നേതാവ് വൈകോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ പ്രതികരണം.

മന്ത്രിമാരും ജനങ്ങളും സംയമനം പാലിക്കണമെന്നും സമരം തുടങ്ങിയത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണെന്നാണു തനിക്കു ലഭിച്ച വിവരമെന്നും വയലാര്‍ രവി പരോക്ഷമായി കുറ്റപ്പെടുത്തി.

Subscribe Us:

യൂത്ത് കോണ്‍ഗ്രസ് മുല്ലപ്പെരിയാര്‍ വിഷയത്തിന്മേള്‍ നടത്തിയ സമരങ്ങളെ വയലാര്‍ രവി ന്യായീകരിച്ചില്ല. സുരക്ഷയിലാണ് കേരളത്തിന്റെ ആശങ്കയെന്നും അണക്കെട്ട് പൊളിക്കുകയോ തമിഴ്‌നാടിനു ജലം നല്‍കാതിരിക്കുകയോ ചെയ്യില്ലെന്നും വൈകോയ്ക്കു വയലാര്‍ രവി ഉറപ്പുകൊടുക്കുകയും ചെയ്തു.

അണക്കെട്ട് പൊളിക്കുമൊന്നൊക്കെയുള്ള കേരളത്തിലെ ചില മന്ത്രിമാരുടെ പ്രസ്താവനകളാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് വൈക്കോ അവകാശപ്പെട്ടു. ഇത്തരം പ്രസ്താവനകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നു വയലാര്‍ രവി വ്യക്തമാക്കിയെങ്കിലും പ്രസ്താവന പ്രസിദ്ധീകരിച്ച പത്രങ്ങള്‍ അയച്ചുനല്‍കാമെന്ന് വൈകോ പറഞ്ഞു.

മുല്ലപ്പെരിയാര്‍ സമരം തുടങ്ങിയ ശേഷം കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ആദ്യമായാണ് പ്രകോപനപരമായ നിലപാടുകളുമായി രംഗത്തെത്തുന്ന വൈകോയുമായി ചര്‍ച്ച നടത്തുന്നത്.

Malayalam News

Kerala News in English