തിരുവനന്തപുരം: പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനേയും മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനേയും അനുകൂലിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി.

Ads By Google

വികസനത്തെ എതിര്‍ത്തവരാണ് സി.പി.ഐ.എം എന്നും ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന വികസനത്തെ പോലും
എതിര്‍ക്കാന്‍ നോക്കിയ ആളാണ് അച്യുതാനന്ദനെന്നും വയലാര്‍ രവി പറഞ്ഞു.

എളമരം കരീം കേരളത്തില്‍ വ്യവസായം കൊണ്ടുവന്നെന്നാണ് ആന്റണി പറയുന്നു. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് കേരളത്തില്‍ വ്യവസായം കൊണ്ടുവരാന്‍ സാധിച്ചെന്ന് കരീം പോലും പറയില്ല.

ആന്റണി സര്‍ക്കാരിനെ ആക്ഷേപിച്ചതായി തോന്നിയിട്ടില്ല. ബ്രഹ്മോസ് വിഷയം യു.ഡി.എഫില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഭാഗം കൂടിയാണ് ആന്റണിയുടെ പരാമര്‍ശം. യൂണിയനുകളുടെ പല നിലപാടും ആന്റണിയെ വേദനിപ്പിച്ചിട്ടുണ്ട്. ആന്റണി വി.എസിനേയും കരീമിനേയും പറ്റി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും വയലാര്‍ രവി പറഞ്ഞു.

യു.ഡി.എഫിന്റെ എല്ലാ നയങ്ങളേയും കണ്ണടച്ച് എതിര്‍ക്കുന്ന സി.പി.ഐ.എമ്മിനെ തന്നെ ആന്റണി അനുകൂലിച്ച് സംസാരിക്കണമായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്.

യു.ഡി.എഫിനെ യോജിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹം വളരെ സൂത്രശാലിയായ നേതാവാണ്. അദ്ദേഹത്തിന് ജോലി ഭാരം കൂടിപ്പോയി അതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം- വയലാര്‍ രവി വ്യക്തമാക്കി.