വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനായി വത്തിക്കാന്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി.യേശുക്രിസ്തുവിനെ സ്തുതിച്ചുകൊണ്ടുള്ള മാര്‍പ്പാപ്പയുടെ ആദ്യസന്ദേശത്തോടെയാണ് സൈറ്റിന് തുടക്കമായത്.

ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ട്വിറ്ററിലൂടെയാണ് ലോകത്തെ ഈ വിവരം അറിയിച്ചത്. www.news.va എന്നാണ് വെബ്‌സൈറ്റ് വിലാസം.

വത്തിക്കാന്‍ റേഡിയോ, ടെലിവിഷന്‍, ദിനപത്രം എന്നിവ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വിവിധ വിഷയങ്ങളിലുള്ള വത്തിക്കാന്റെ പ്രതികരണങ്ങളും വിലയിരുത്തലുകളും വെബ്‌സൈറ്റിലുണ്ടാവുമെന്ന് പോപ്പ് അറിയിച്ചു.

ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലായിരിക്കും സേവനം ലഭ്യമാവുക. സ്പാനിഷ് ഭാഷയിലും സേവനം ലഭ്യമാവാന്‍ സാധ്യതയുണ്ട്.

യുവാക്കളെ ആകര്‍ഷിക്കാനായി വത്തിക്കാന്‍ അടുത്തിടെ ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ പേജുകള്‍ അവതരിപ്പിച്ചിരുന്നു.