വടകര: വിമുക്ത ഭടനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയെ തുടര്‍ന്ന് വടകര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്തെ എക്‌സൈസ് അഡീഷനല്‍ കമീഷണറുടേതാണ് ഉത്തരവ്. വടകര പാലോളിപ്പാലത്തെ വിമുക്തഭടനായ വാസുവിന്റെ പരാതിപ്രകാരമാണ് നടപടി.

2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. വാസുവിനെ വീടിനടുത്തുവെച്ച് സ്‌കൂട്ടറില്‍ 12 കുപ്പി മദ്യവുമായി റേഞ്ച് ഇന്‍സ്‌പെക്ടര്‍ പിടികൂടിയെന്നായിരുന്നു കേസ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ വാസുവിനെ 19 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

എന്നാല്‍, ഇയാള്‍ അഡീ കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത് നാലു കുപ്പി മദ്യവുമായാണ് തന്നെ പിടികൂടിയതെന്നാണ്. തന്നെ പിടികൂടിയ ശേഷം വീട് പരിശോധിച്ച ഇന്‍സ്‌പെക്ടര്‍ ബാക്കി എട്ടു കുപ്പി അവിടെ നിന്ന് കണ്ടെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കി. അസുഖം ബാധിച്ച് കിടപ്പിലായതിനാല്‍ മിലിട്ടറി മദ്യക്വാട്ട ഉപയോഗിക്കാഞ്ഞതിനാലാണ് വീട്ടില്‍ മദ്യം സൂക്ഷിച്ചതെന്നും വാസു പരാതിയില്‍ പറഞ്ഞിരുന്നു.

പരാതിയെ തുടര്‍ന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി സാക്ഷികളില്‍നിന്ന് വിവരം ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

മിലിട്ടറി മദ്യക്വാട്ട പുറത്തുവില്‍ക്കുന്ന വാസുവിനെക്കുറിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിയത്. ആവശ്യക്കാരനെന്ന വ്യാജേന വിളിച്ചപ്പോള്‍ ഒരു കുപ്പിക്ക് 330 രൂപവെച്ച് 12 കുപ്പി കൊടുക്കാമെന്നേറ്റു. തുടര്‍ന്ന്, കുപ്പികളുമായി സ്‌കൂട്ടറില്‍ വരുമ്പോള്‍ അറസ്റ്റ് ചെയ്യുകയും വണ്ടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിമുക്ത ഭടന് ഉന്നതങ്ങളില്‍ സ്വാധീനമുള്ളതായും പറയുന്നു.