തിയേറ്റര്‍ / നദീം നൗഷാദ്

ലയാള നാടക വേദിയില്‍ ആരും നടക്കാത്ത വഴികളിലൂടെ സഞ്ചരിച്ച നാടകകൃത്താണ് വാസുപ്രദീപ്. 1960കളില്‍ നാടകത്തിന്റെ യാഥാസ്തിതിക രൂപഘടനയെ മാറ്റിപ്പണിത ഒട്ടേറെ നാടകങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇങ്ങിനെ കാലത്തിന് മുമ്പേ നടന്ന അധികം നാടകകൃത്തുക്കള്‍ നമുക്കുണ്ടാവില്ല. സംഭാഷണങ്ങളില്ലാത്ത നാടകങ്ങള്‍ , സദസില്‍ നിന്ന് കഥാപാത്രങ്ങള്‍ കയറി നാടക വേദിയിലേക്ക് വരുന്ന നാടകങ്ങള്‍ , ഒറ്റയാള്‍ നാടകം, എന്നിങ്ങിനെ ഒട്ടേറെ പരീക്ഷണങ്ങള്‍ . കുഞ്ഞാണ്ടി, ബാലന്‍ കെ നായര്‍ , കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍ , കോഴിക്കോട് നാരായണന്‍ നായര്‍ , ശാന്താദേവി, മാമുക്കോയ, സുധാകരന്‍ , സെലീന സിസില്‍ , ശാന്തപുതുപ്പാടി, സംവിധായകന്‍ ഹരിഹരന്‍ തുടങ്ങി ഒട്ടേറെ പേര്‍ വാസുവേട്ടന്റെ നാടകത്തിലൂടെയാണ് പ്രതിഭ തെളിയിച്ചത്. നാടകത്തെ നട്ടുവളര്‍ത്തിയ കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഒരു കാലഘട്ടെത്തെക്കുറിച്ച് പ്രദീപേട്ടന്‍ മനസുതുറക്കുന്നു.

പ്രദീപ് ആര്‍ട്‌സിന്റെ അടുത്തടുത്ത മുറികള്‍ അന്ന് കേന്ദ്ര കലാസമിതിയുടെ കീഴിലായിരുന്നു. അവിടെ എസ് കെ പൊറ്റക്കാടും ഉറൂബും ബഷീറും തിക്കോടിയനുമെത്താറുണ്ടായിരുന്നു. അവിടെ സാഹിത്യത്തിന്റെയും കലയുടെയും സംഗമം നടന്നു. അവരെ കാണാനും ബന്ധപ്പെടാനുമുള്ള അവസരം എന്റെ എഴുത്തിനെ പ്രചോദിപ്പിച്ചു. അങ്ങിനെ ഒരു ദിവസം ഞാനെഴുതിയ ഒരു നാടകം ഉറൂബിന് കാണിച്ചു. അടുത്ത ദിവസം തന്നെ അദ്ദേഹം നാടകത്തിന് ‘ചിരി’ എന്ന് പേര് നല്‍കി തിരിച്ചു തന്നു. എഴുതുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചു. പിന്നീട് കെ ടി മുഹമ്മദിന്റെ ഉപദേശം ഞാന്‍ തേടി. കെ ടി പോസ്്റ്റല്‍ ജീവനക്കാരനായിരിക്കുന്ന സമയമായിരുന്നു അത്. ഞാനെഴുതിയ ‘ദാഹിക്കുന്ന സ്ത്രീ’ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം വായിച്ചു. നാടകത്തില്‍ സംഭാഷണം വളരെ കുറവാണെന്നും കാണികള്‍ കൂവുമെന്നും പറഞ്ഞു. ഞാന്‍ പിന്തിരിഞ്ഞില്ല. നാടകത്തിന്റെ റിഹേഴ്‌സല്‍ കാണാന്‍ കെ ടിയെത്തി. അദ്ദേഹം അഭിപ്രായം തിരുത്തി. നാടകം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് സൗകര്യം ചെയ്തു തന്നു. ഇങ്ങിനെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും പുതിയ കണ്ടെത്തലുമായിരുന്നു എന്റെ നാടക ജീവിതം.

കോഴിക്കോട് അബ്ദുല്‍ഖാദറുമായി അടുത്തും അകന്നും കഴിഞ്ഞിട്ടുണ്ട്. ബന്ധങ്ങള്‍ പലപ്പോഴും ഊഷ്മളമായിരുന്നു. ഇടക്ക് ഇടര്‍ച്ചയുണ്ടാകും. രണ്ട് പേരും പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞു. അബ്ദുല്‍ ഖാദറിന് വേണ്ടി ഞാന്‍ പാട്ടെഴുതി, എന്റെ നാടകത്തിന് വേണ്ടി ഖാദര്‍ പാടി. എന്റെ ഓഫീസില്‍ പലപ്പോഴും അബ്ദുല്‍ഖാദര്‍ വരാറുണ്ടായിരുന്നു. മരണം വരെ അദ്ദേഹത്തിന്റെ എല്ലാ കത്തുകള്‍ക്കും ഞാനാണ് മറുപടി എഴുതി നല്‍കിയിരുന്നത്.

എന്‍ വി കൃഷ്ണവാരിയരെ കണ്ടത് 1963ലായിരുന്നു. അമേരിക്കയില്‍ അദ്ദേഹം കണ്ട ഒരു നാടകത്തെക്കുറിച്ച് എന്നോട് പറഞ്ഞു. തുറന്ന് വെച്ച യവനിക, നിറഞ്ഞ സദസിനിടയില്‍ മിഠായി, ഐസ്‌ക്രീം എന്നിവ വില്‍ക്കുന്നവര്‍ . ഒരു തൂപ്പുകാരനും ഉണ്ട്. നാടകം ആരംഭിക്കുന്നുവെന്ന അറിയിപ്പ് വരുമ്പോള്‍ തൂപ്പുകാരന്‍ സ്‌റ്റേജില്‍ ജോലി തുടരുന്നു. മിഠായി വില്‍പനക്കാരന്‍ അദ്ദേഹത്തെ പരിഹസിക്കുന്നു. വഴക്കായി. പത്രക്കാരനും പഴക്കച്ചവടക്കാരനും ഇടപെടുന്നു. പ്രശ്‌നം രൂക്ഷമായപ്പോള്‍ പോലീസ് ഇടപെട്ടു. പ്രശ്‌നം ഒത്തു തീര്‍ന്നപ്പോള്‍ കര്‍ട്ടന്‍ വീണു. കൃഷ്ണവാരിയര്‍ പറഞ്ഞ നാടകം എന്റെ മനസില്‍ കൊണ്ടു. അങ്ങിനെ ‘കണ്ണാടിക്കഷ്ണങ്ങള്‍’ എന്ന നാടകമുണ്ടായി. ലളിതകലാ അക്കാദമായിുടെ മികച്ച രചനക്കുള്ള അവാര്‍ഡ് നാടകത്തിന് ലഭിച്ചു. ഹരിഹരന്‍ , കുഞ്ഞാണ്ടി, ബാലന്‍ കെ നായര്‍ , സുധാകരന്‍ , ഉമ്മര്‍ , ശാന്താദേവി, സെലീന, എന്നിവര്‍ ഈ നാടകത്തില്‍ അഭിനയിച്ചു. ‘യുക്തി’ ‘നിലവിളി’ ‘നിരപരാധികള്‍ ‘ ‘ശ്രുതി’ അ ങ്ങിനെ നിരവധി നാടകങ്ങള്‍ ഇക്കാലത്ത് പുറത്ത് വന്നു.

ഖാദര്‍ക്കയുടെ ജീവിതത്തെക്കുറിച്ച് ‘മത്സരം’ എന്ന നാടകമെഴുതി. നാടകം തുടങ്ങുമ്പോള്‍ പ്രേക്ഷരില്‍ നിന്നൊാള്‍ വേദിയിലേക്ക് കയറി വരുന്നു. അപരിചിതനെ കണ്ട നടി വിളിച്ചു പറയുന്നു. ‘ വാസുവേട്ടാ ആരോ ഇതാ ഇവിടേക്ക് കയറി വന്നിരിക്കുന്നു’. ഒരു നടന്‍ മുന്നോട്ട് വന്ന് അപരിചിതനെ ചോദ്യം ചെയ്യുന്നു. താനാരാണ്?. എന്താണിവിടെ കാര്യം. അപ്പോള്‍ അപരിചിതന്‍ പ്രതികരിക്കുന്നു.’ എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഞാനൊരു ഗായകനായിരുന്നു. നാടകത്തിലും സിനിമയിലും പാടിയിട്ടുണ്ട്. ഇപ്പോള്‍ പാട്ടൊന്നുമില്ല. എനിക്ക് ജീവിക്കണ്ടേ.. ഞാന്‍ ഇവിടെയൊരു പാട്ടുപാടാം. എനിക്ക് ചില്ലറ തരണം.. അങ്ങിനെ അയാള്‍ പാട്ടു പാടുന്നു… ഇരുനാഴി മണ്ണിനായി ഉരുകുന്ന കര്‍ഷകന്‍ …. എന്ന ‘നമ്മളൊന്ന്’ എന്ന നാടകത്തിലെ പാട്ട് പാടുന്നു. പിന്നെ രക്തം ഛര്‍ദിച്ച് മരിക്കുന്നു. ഉടന്‍ ഞാന്‍ തന്നെ രംഗത്ത് വന്ന് പറയുന്നു’ സദസില്‍ ആരെങ്കിലും ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ ഉടന്‍ കടന്ന് വരണം’. അങ്ങിനെ ഒരു ഡോക്ടറെത്തി മരണം സ്ഥിരീകരിക്കുന്നു. ബഹളത്തിനിടയില്‍ മാറ്റിക്കിടത്തിയ മൃതദേഹം എഴുന്നേറ്റ് നിന്ന് വന്ന് പറയുന്നു. നിങ്ങള്‍ ചെലവഴിക്കുന്ന പണം എനിക്ക് തരൂ, ഞാനും കുടുംബവും ജീവിക്കട്ടെ, നാളെ ഞാന്‍ തെരുവിലിരുന്ന് പാടും, അപ്പോഴെനിക്ക് പണം തന്ന് സഹായിച്ചാല്‍ മതി. എന്ന് പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോകുന്നു.

ഖാദര്‍ക്കയെക്കുറിച്ച് ഞാന്‍ നാടകമെഴുതിയതിന് തിക്കോടിയന്‍ എന്നെ വഴക്ക് പറഞ്ഞു. ഫാറൂഖ് കോളജില്‍ വെച്ച് ഈ നാടകം അവതരിപ്പിച്ചപ്പോള്‍ അതിന്റെ അവസാന ഭാഗത്ത് ഖാദര്‍ക്ക പ്രത്യക്ഷപ്പെട്ട് ഇത് എന്നെക്കുറിച്ചുള്ള നാടകമാണെന്ന് പ്രേക്ഷകരോട് പറഞ്ഞ അനുഭവമുണ്ടായിരുന്നു.

സുഹൃത്തുക്കളില്‍ ചിലരില്‍ നിന്ന് വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ എനിക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്ന് ഒരു പെന്‍ഷന്‍ ഫോറം അയച്ചു തന്നിരുന്നു. അതില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കെ ടി മുഹമ്മദ് ഒപ്പുവെക്കണം. പക്ഷെ കെ ടി എനിക്ക് ഒപ്പ് തന്നില്ല. ഒരിക്കല്‍ ശരത്ചന്ദ്ര മറാഠെ അസുഖത്തിലാണെന്ന് അറിഞ്ഞ് പെന്‍ഷന്‍ ഫോറം വാങ്ങി കെ ടിയുടെ ഒപ്പിന് വേണ്ടി പോയപ്പോഴും തന്നില്ല. പിന്നീടൊരിക്കല്‍ വി എം കുട്ടിയുടെ ശ്രമഫലമായാണ് ശരത്ചന്ദ്ര മറാഠെക്ക് പെന്‍ഷന്‍ ലഭിച്ചത്. എനിക്കിപ്പോള്‍ സംഗീത നാടക അക്കാദമി 1500 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. അത് തന്നെ വലിയ കാര്യം.

അഞ്ച് പതിറ്റാണ്ട് നീണ്ട നാടകാനുഭവം. ഒരു പാട് പഠിച്ചു. മുപ്പതോളം നാടകമെഴുതി, 31 ഓളം അവാര്‍ഡുകള്‍ ലഭിച്ചു. 1995ലാണ് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചത്. ‘പ്രതീതി’യാണ് അവസാനമായി എഴുതിയ നാടകം. കോഴിക്കോടാണെന്റെ നാടക വേദിയും സദസ്സും.