vastnavi

ദയൂബന്ദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ച് വിവാദം സൃഷ്ടിച്ച ദാറുല്‍ ഉലൂം ദയൂബന്ധന്ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗുലാം മുഹമ്മദ് വാസ്തനവിയെ പുറത്താക്കി. സര്‍വ്വകലാശാല ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ വസ്തനവിക്കെതിരെ എട്ട് പേര്‍ വോട്ട് ചെയ്തപ്പോള്‍ അഞ്ച് പേര്‍ മാത്രമേ അദ്ദേഹത്തെ അനുകൂലിച്ചുള്ളൂ.

‘ ഞാന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവരെന്നെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ ദാറുല്‍ ഉലൂമിനോട് വിടപറയുകയാണ്’ വസ്തനവി വ്യക്തമാക്കി. തനിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ തനിക്കെതിരല്ല, കുറച്ച് പേര്‍ ചില വിദ്യാര്‍ഥികളെ ബ്രെയിന്‍ വാഷ് ചെയ്യുകയായിരുന്നു.

ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തുവെന്ന് ആരോപണ വിധേയനായ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചതോടെയാണ് വസ്തനവി വിവാദ കഥാപാത്രമായത്. മോഡിയുടെ വികസനത്തിന്റെ നേട്ടം സംസ്ഥാനത്തിലെ മുസ്‌ലിംകളും അനുഭവിക്കുന്നുണ്ടെന്നും. മുസ്‌ലിംകള്‍ ഇപ്പോള്‍ അതില്‍ സംതൃപ്തരാണെന്നുമായിരുന്നു വസ്തനവിയുടെ പ്രസ്താവന. എന്നാല്‍ പ്രസ്താവന വിവാദമായതോടെ ഇത് നിഷേധിച്ചുകൊണ്ട് വസ്തനവി തന്നെ രംഗത്തെത്തിയിരുന്നു.