എഡിറ്റര്‍
എഡിറ്റര്‍
വസന്തത്തിന്റെ കനല്‍വഴികളില്‍ ഇനി തിരഞ്ഞെടുപ്പിന് ശേഷം; വിവാദങ്ങളെത്തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെച്ചു
എഡിറ്റര്‍
Saturday 22nd March 2014 5:00pm

vasantham

തിരുവനന്തപുരം: വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വസന്തത്തിന്റെ കനല്‍വഴികളില്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കുകയാണെന്ന് സംവിധായകന്‍  അനില്‍ വി. നാഗേന്ദ്രന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിയുംവരെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കുന്നതെന്നാണ് അനില്‍ വി. നാഗേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഛായാഗ്രാഹകന്‍ കവിയരശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജന്‍ പൂജപ്പുര എന്നിവരും പങ്കെടുത്തു. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ സഹായിക്കാനാണെന്ന ആക്ഷേപവുമായി  തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ചിലര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനം, ദേശീയപ്രസ്ഥാനം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച എന്നീ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ തയാറാക്കപ്പെട്ട സിനിമയാണ് വസന്തത്തിന്റെ കനല്‍വഴികളില്‍.

പി. കൃഷ്ണപിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, അബ്ദുറഹ്മാന്‍ സാഹിബ്, പി. കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ.ജി. തുടങ്ങിയ പ്രമുഖരും കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.

എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ കഥ പറയുന്ന ചിത്രത്തില്‍ നിന്ന് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കിയതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. 1945-46 കാലമാണ് ചിത്രം പ്രധാനമായും പറയുന്നത്. അന്ന് 22 വയസ്സുള്ള വി.എസ് ആലപ്പുഴയിലെയും പരിസരങ്ങളിലെയും കേഡറായിരുന്നിട്ടും ചിത്രത്തില്‍ പറയപ്പെടാതെ പോയത് ചരിത്രത്തിനോടുള്ള അനീതിയായെന്നും ആക്ഷേപമുണ്ട്.

പി.കൃഷ്ണപിള്ളയാണ് ചിത്രത്തിലെ നായകനെങ്കിലും എ.കെ.ജിയും ഇ.എം.എസും കെ.പി.ആറും ഒക്കെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. ജന്മികുടിയാന്‍ വ്യവസ്ഥയുള്ള തെക്കന്‍ കേരളത്തിലെ ഒരു കര്‍ഷക ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

എന്നാല്‍ ചിത്രത്തില്‍ വി.എസിനെ ഒഴിവാക്കിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ സംവിധായകന്‍ നിഷേധിച്ചിരുന്നു. പി. കൃഷ്ണപിള്ളയെ നായകനാക്കി ഈ സിനിമ സാങ്കല്‍പ്പികമായ ഒരു നാട്ടിനെക്കുറിച്ചാണ് പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement