വാരാണസി: ഗാന്ധി കുടുംബത്തിലെ പുതുതലമുറക്കാരനും ബി.ജെ.പി എം.പിയുമായി വരുണ്‍ഗാന്ധി വിവാഹിതനായി. ഗ്രാഫിക് ഡിസൈനര്‍ യാമിനി റോയ് ആണ് വധു. വാദ്യഘോഷങ്ങളുടെയും ശംഖ് നാദങ്ങളുടേയും അകമ്പടിയോടെ വാരാണസിയിലെ കംകോടേശ്വര്‍ ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്.

കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘമാണ് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്. ഹിന്ദു സനാതനി ആചാരപ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ തന്നെ ആരംഭിച്ചു. വിവാഹത്തിനുശേഷം നവദമ്പതികള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊസ് ചെയ്തു.

പരമ്പരാഗത വേഷമായ ദോത്തിയും കുര്‍ത്തയുമാണ് വരുണ്‍ അണിഞ്ഞിരുന്നത്. യാമിനിയാവട്ടെ പിങ്ക് കളറിലുള്ള സാരിയണിഞ്ഞ് ചെറിയൊരു നാണത്തോടെ വരുണിനടുത്ത് നിന്നു.

വരുണിന്റെ വല്യമ്മയുടെ മരണത്തെ തുടര്‍ന്ന് നാളെ ദല്‍ഹിയില്‍ നടത്താനിരുന്ന റിസപ്ഷന്‍ മാറ്റിവച്ചു. ഫെബ്രുവരി 28നാണ് മേനകാ ഗാന്ധിയുടെ അമ്മ അംതേശ്വര്‍ ആനന്ദ് മരിച്ചത്.