Administrator
Administrator
വഞ്ചനയടെ വര്‍ത്തമാനം; അജിലാലിന്റെ രാജിക്കത്ത് ഒരു കുറ്റപത്രം
Administrator
Tuesday 29th September 2009 11:18am

മാനേജ്‌മെന്റിന്റെ നീതി കേടില്‍ മനം മടുത്ത് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 2007ല്‍ സ്ഥാപനം വിട്ട ഫോട്ടോഗ്രാഫര്‍ അജിലാല്‍ മാനേജ്‌മെന്റിന് നല്‍കിയ രാജിക്കത്ത്.

അജിലാല്‍ വി സി,
ഫോട്ടോഗ്രാഫര്‍,
വര്‍ത്തമാനം ദിനപത്രം,
മീഡിയ വ്യൂ ലിമിറ്റഡ്,
കോഴിക്കോട്

മാനേജിങ് ഡയറക്ടര്‍
വര്‍ത്തമാനം,
മീഡിയാ വ്യൂ ലിമിറ്റഡ്,
ചാലപ്പുറം,
കോഴിക്കോട്

വിഷയം: വര്‍ത്തമാനം ദിനപത്രത്തിലെ ജോലിയില്‍ നിന്നും വിടുതല്‍ നല്‍കുന്നത് സംബന്ധിച്ച്.

ബഹുമാനപ്പെട്ട മാനേജിങ് ഡയറക്ടര്‍,

നേരിന്റെയും നീതിയുടെയും നിലാവിനുവേണ്ടി നോമ്പെടുക്കുന്ന പുണ്യമാസത്തിന്റെ ആശംസകള്‍. 2003 ജനുവരി 1 മുതല്‍ ഞാന്‍ താങ്കളുടെ പത്രസ്ഥാപനമായ വര്‍ത്തമാനം ദിനപത്രത്തിലെ ഫോട്ടോഗ്രാഫറാണ്. 2003 ജനുവരി 1 മുതല്‍ എന്നാണ് എനിക്ക് നല്‍കിയിരിക്കുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററില്‍ പറയുന്നത്. താങ്കളുടെ കീഴിലുള്ള എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചിട്ടുള്ള കള്ളരേഖകള്‍ അനുസരിച്ച് ഈ തിയ്യതിയില്‍ മാറ്റമുണ്ടാകാം. ആ വ്യാജരേഖകള്‍ അനുസരിച്ച് വേണമെങ്കില്‍ താങ്കള്‍ക്ക് ഇത് തിരുത്തിവായിക്കാവുന്നതുമാണ്. അന്നുമുതല്‍ ഈ ദിവസം വരെ വര്‍ത്തമാനത്തിനുവേണ്ടി ചിത്രങ്ങളെടുക്കുന്നതുമുതല്‍ പോസ്റ്റര്‍ ഡിസൈന്‍, വര്‍ത്തമാനം ടി വി ആഡ് വരെ ചെയ്തിട്ടുണ്ട്. വര്‍ത്തമാനത്തിനുവേണ്ടി കേരളത്തിലും പുറത്തും സഞ്ചരിച്ചിട്ടുണ്ട്. മാസങ്ങളോളം ശമ്പളമില്ലാതിരുന്നിട്ടും പട്ടിണിയോളം എത്തുന്ന സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും മുറുമുറുപ്പില്ലാതെ പണിയെടുത്തിട്ടുണ്ട്.

കുടുംബത്തിന്റെ ഏക സാമ്പത്തിക സ്രോതസ്സായിട്ടും വിയര്‍പ്പാറുന്നതിന് മുമ്പ് കൂലി കിട്ടണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല. അങ്ങനെ നല്‍കണമെന്നാണ് താങ്കള്‍ പഠിച്ച ആദര്‍ശം പറയുന്നതെന്ന് കേട്ടിട്ടുണ്ട്. താങ്കള്‍ക്കതിനെക്കുറിച്ച് കൂടുതല്‍ ബോധ്യം കാണും. എന്തായാലും മാസങ്ങളോളം കാത്തിരുന്ന് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ജീവിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു. ആ പാഠത്തിന് ആദ്യമായി വര്‍ത്തമാനത്തോടും താങ്കളോടും നന്ദി പറയട്ടെ. നിരവധിയാളുകള്‍ വിട്ടുപോവുന്നത് കണ്ടിട്ടും, ‘എടാ ഇത് മുങ്ങുന്ന കപ്പലാണ് എങ്ങനെയെങ്കിലും രക്ഷപ്പെട്ടോ’ എന്ന് പലരും ഉപദേശിച്ചിട്ടും വര്‍ത്തമാനത്തില്‍ തന്നെ തുടര്‍ന്നതിന്റെ ഫലം എന്റെ കടബാധ്യതകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു എന്നത് മാത്രമാണ്.

ഭൂമിയില്‍ ചെയ്യുന്ന പുണ്യങ്ങളുടെ ഫലം സ്വര്‍ഗത്തില്‍ ലഭിക്കുമെന്ന് എന്റെ മുജാഹിദ് സുഹൃത്തുക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. വര്‍ത്തമാനത്തിനുവേണ്ടി പണിയെടുത്തതിന്റെ കൂലി സ്വര്‍ഗ്ഗത്തിലെങ്കിലും കിട്ടുമായിരിക്കുമെന്നാണ് എന്റെ എളിയ പ്രതീക്ഷ.

ഞാന്‍ മാസങ്ങള്‍ക്ക് മുമ്പ് താങ്കള്‍ക്ക് ഒരു കത്ത് നല്‍കിയിരുന്നു. എനിക്ക് കമ്പനി നിയമപ്രകാരം, എന്റെ അപ്പോയിന്റ്‌മെന്റ് ഓഡര്‍ പ്രകാരം, നല്‍കേണ്ട കിറ്റ് അലവന്‍സ് അഥവാ ക്യാമറ അലവന്‍സ് കുടിശ്ശിക സംബന്ധിച്ച്. ഞാന്‍ വര്‍ത്തമാനത്തില്‍ ചേര്‍ന്നതുമുതല്‍ ഇന്നുവരെ ഈ അലവന്‍സ് എനിക്ക് നല്‍കിയിട്ടില്ല എന്ന് ഞാന്‍ പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. 45,000രൂപയിലധികം വരും ഈ തുക. എന്നെ സംബന്ധിച്ച് ഇത് വലിയൊരു തുക തന്നെയാണ്. ഇത് അനുവദിച്ചു കിട്ടുന്നതിന് വേണ്ടി പല തവണ ഞാന്‍ താങ്കളെ വന്നു കണ്ടിരുന്നു. ശരിയാക്കാം. എന്ന് വാക്കാല്‍ ഉറപ്പു നല്‍കിയതല്ലാതെ ഒന്നും സംഭവിച്ചില്ല.

ഒടുവില്‍ എനിക്ക് പ്രസ്‌ക്ലബില്‍ പരാതി നല്‍കേണ്ടി വന്നു. ആ പരാതി നല്‍കുന്നതിന് മുമ്പും താങ്കളെ ഞാന്‍ ബന്ധപ്പെട്ടിരുന്നു എന്ന് ഓര്‍ക്കുക. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികള്‍ ഇതുസംബന്ധിച്ച് വര്‍ത്തമാനം മാനേജ്‌മെന്റ് പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്തു. ‘കമ്പനി അജിലാലിന് ഒരു രൂപ പോലും നല്‍കാന്‍ ബാക്കിയില്ല. വേണമെങ്കില്‍ അയ്യായിരം രൂപ കോമ്പന്‍സേഷന്‍ നല്‍കാം’ എന്നാണ് യൂണിയന്‍ പ്രതിനിധികളെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചതെന്ന് അവര്‍ എന്നോട് പറഞ്ഞു.

ഇത് കേട്ടപ്പോഴുണ്ടായ സന്തോഷം വിവരിക്കാനാവാത്തതാണ്. എനിക്ക് നിയമപരമായി ലഭിക്കേണ്ട നാല്‍പത്തിയയ്യായിരത്തിന് പകരം അയ്യായിരം രൂപയുടെ ഔദാര്യം! മഹത്തായ മൂല്യങ്ങള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം ആണയിടുന്ന താങ്കള്‍ക്കും താങ്കളുടെ മഹത്തായ പ്രസ്ഥാനത്തിനും ലജ്ജയോ മിനിമം മാന്യതയോ ഇല്ലെന്ന് തെളിയിക്കുന്ന വര്‍ത്തമാനമായിപ്പോയി ഇത് എന്ന് പറയേണ്ടി വരുന്നതില്‍ അതിയായ ദുഃഖമുണ്ട്.

താങ്കളുടെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്റെ പേരില്‍ വ്യാജരേഖ ചമയ്ക്കുകയും അപ്പോയിന്റ്‌മെന്റ് രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തതു സംബന്ധിച്ച് തെളിവുകള്‍ സഹിതം ഞാന്‍ ആഴ്ചകള്‍ക്കുമുമ്പ് ഒരു പരാതി നല്‍കിയിരുന്നു. അതിന് താങ്കളുടെ ഭാഗത്തുനിന്നും ഇതുവരെ മറുപടി ഉണ്ടായിട്ടില്ല. കുറ്റം ഇതുവരെ നിഷേധിക്കുകയോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയോ ഞാന്‍ നല്‍കിയ പരാതിക്ക് ഒരു മറുപടിയെങ്കിലും നല്‍കുകയോ ഉണ്ടായിട്ടില്ല. ഗുരുതരമായ ഈ ക്രിമിനല്‍ കുറ്റം ചൂണ്ടിക്കാണിച്ചതിന് എനിക്കെതിരെ പ്രതികാരനടപടികള്‍ എടുക്കാനാണ് താങ്കളും താങ്കളുടെ മാനേജ്‌മെന്റും സ്ഥാപനവും ശ്രമിച്ചത്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിയമന ഉത്തരവ്, സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്, നാല് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയിലെല്ലാം താങ്കളും മറ്റ് ഉന്നത അധികാരികളും ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. അതിലെല്ലാം ഞാന്‍ സ്ഥാപനത്തില്‍ ചേരുന്നത് 2003 ജനുവരി ഒന്നിനാണ്. എന്നാല്‍ ക്യാമറ അലവന്‍സ് സംബന്ധിച്ചും മറ്റും പരാതികള്‍ ഉന്നയിക്കാന്‍ തുടങ്ങിയതിന് ശേഷം കമ്പനിയുടെ ജനറല്‍ മാനേജര്‍ അബ്ദുള്‍ ലത്തീഫ് കരിമ്പുലാക്കല്‍ തുല്യം ചാര്‍ത്തിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഡേറ്റുകള്‍ മാറിപ്പോയതിന്റെ മനശ്ശാസ്ത്രം എനിക്ക് പിടികിട്ടുന്നില്ല.

ഇതെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ എനിക്ക് ലഭിച്ച മറുപടി ഇതായിരുന്നു. ‘സ്ഥാപനത്തിനും എംഡിക്കുമെതിരെ ഇരുപതിലധികം ക്രിമിനല്‍ സിവില്‍ കേസുകളുണ്ട്. താങ്കള്‍ ഇതുസംബന്ധിച്ച് ഒരു കേസ് കൊടുക്കൂ. കേസ് ഞങ്ങള്‍ക്ക് പുത്തരിയല്ല’

പൊതുസമൂഹത്തില്‍ സുതാര്യതയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് നെഞ്ചിലടിച്ച് പ്രഖ്യാപിക്കുന്ന താങ്കളുടെ പത്രസ്ഥാപനത്തില്‍ നിന്നും നവോത്ഥാന ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന താങ്കളുടെ പ്രസ്ഥാനത്തില്‍ നിന്നും നീതി പ്രതീക്ഷിച്ചുവെന്നതാണ് ഏറ്റവും ക്രിമിനല്‍ ആയ കുറ്റമെന്ന് ഞാനിപ്പോള്‍ വേദനയോടെ മനസ്സിലാക്കുന്നു. അലവന്‍സ് കുടിശ്ശിക സംബന്ധിച്ചും മറ്റും ഞാന്‍ പരാതികള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ താങ്കള്‍ എന്നെ മലപ്പുറം ബ്യൂറോയിലേക്ക് സ്ഥലം മാറ്റി. കിട്ടാനുള്ള തുക നല്‍കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കുന്നതുവരെ സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റാന്‍ നിര്‍വ്വാഹമില്ലെന്ന് ഞാന്‍ അറിയിക്കുകയുണ്ടായി. എനിക്ക് ന്യായമായും നിയമപരമായും ലഭിക്കേണ്ട പണം സമയബന്ധിതമായി തന്നു തീര്‍ക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കാന്‍ കൂടി താങ്കള്‍ക്കോ സ്ഥാപനത്തിനോ കഴിയുന്നില്ല എന്നതില്‍ നിന്ന് ഞാന്‍ എന്താണ് മനസ്സിലാക്കേണ്ടത്? മറ്റൊരു കാര്യം കൂടി. വര്‍ത്തമാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ഞാനടക്കമുള്ള തൊഴിലാളികളുടെ ശമ്പളം മാസങ്ങളോളം മുടങ്ങുകയും തൊഴിലാളികള്‍ പട്ടിണിയുടെ വക്കത്തെത്തുകയും ചെയ്തപ്പോള്‍ സ്ഥാപനത്തെ രക്ഷിച്ചെടുക്കുന്നതിന് ഏത് വിധേനയും ശ്രമിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കായി ഞാന്‍ അരലക്ഷം രൂപയിലധികം(കൃത്യമായി പറഞ്ഞാല്‍ അമ്പത്തയ്യായിരം രൂപ) വിജയ ബാങ്കില്‍ നിന്നും ലോണെടുത്ത് നല്‍കിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല ഇപ്പോള്‍ വര്‍ത്തമാനത്തിലുള്ളവരും പുറത്താക്കപ്പെട്ടവരും പുറത്തുപോയവരും എല്ലാം ഇങ്ങനെ ലോണെടുത്തുനല്‍കിയിട്ടുണ്ട്. എനിക്ക് കമ്പനി നല്‍കാനുളള നാല്‍പത്തിയയ്യായിരം രൂപയോട് ഈ ലോണ്‍ തുക കൂടി ചേര്‍ത്താല്‍ ഒരു ലക്ഷം രൂപയിലധികം ബാധ്യതയുമായാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. പോരാത്തതിന് ഇത്തരത്തില്‍ തന്നെ ലോണെടുത്ത മറ്റു രണ്ടു വര്‍ത്തമാനം ജീവനക്കാരുടെ ജാമ്യക്കാരനായും വര്‍ത്തമാനം എന്നെ ഉപയോഗിച്ചു. വര്‍ത്തമാനത്തിന് വേണ്ടി പണിയെടുത്തതിന്റെ ഫലം അങ്ങനെ ഞാന്‍ ലക്ഷങ്ങളുടെ കടക്കാരനായി എന്നുള്ളതാണ്. വീട്ടില്‍ തുടര്‍ച്ചായി ജപ്തി നോട്ടീസ് ഭീഷണികള്‍ വരാന്‍ തുടങ്ങിയപ്പോള്‍ വര്‍ത്തമാനം ഏറ്റെടുത്ത ഖത്തര്‍ ടീമിന്റെ പ്രതിനിധി ശ്രീ ഷുക്കൂറിനെ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വര്‍ത്തമാനം) സമീപിച്ച് വിവരം പറഞ്ഞു. ‘ആറായിരം കോപ്പി അടിക്കുന്ന പത്രത്തിനുവേണ്ടി രണ്ടുകോടി മുടക്കി നില്ക്കുന്ന ഞങ്ങളുടെ അടുത്ത് ഇത്തരമൊരു നിസാരകാര്യം പറയാമോ’ എന്ന മറുപടിയാണ് ലഭിച്ചത്. ജപ്തിനോട്ടീസ് വരുന്നു എന്നത് ക്രിമിനല്‍കുറ്റമൊന്നുമല്ലല്ലോ എന്നുകൂടി ചോദിക്കാന്‍ അദ്ദേഹം മറന്നില്ല.

അതുകൊണ്ട് വര്‍ത്തമാനത്തിനുവേണ്ടി ഇനിയും ത്യാഗങ്ങള്‍ സഹിക്കാന്‍ ഞാന്‍ അശക്തനാണ്. എനിക്ക് വര്‍ത്തമാനത്തില്‍ നിന്നും നീതി ലഭിക്കുമെന്ന നേരിയ പ്രതീക്ഷ പോലും അസ്തമിച്ചിരിക്കുന്നു.

ഒന്നാമതായി ഞാന്‍ നല്‍കിയ പരാതികള്‍ക്ക് മറുപടി നല്‍കാന്‍ പോലും താങ്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. രണ്ടാമതായി എനിക്ക് ലഭിക്കേണ്ട തുക എന്നെങ്കിലും നല്‍കാമെന്ന ഒരുറപ്പും താങ്കള്‍ ഇതുവരെ തന്നിട്ടില്ല. സ്വന്തം തൊഴിലാളിയോട് കാണിക്കേണ്ട അടിസ്ഥാന മര്യാദകള്‍ പോലും താങ്കള്‍ മറന്നുപോയി എന്നതില്‍ സങ്കടമുണ്ട്. ഇനിയും വര്‍ത്തമാനത്തില്‍ തുടര്‍ന്നാല്‍ എന്നോടുതന്നെ എനിക്ക് ബഹുമാനക്കുറവ് തോന്നിത്തുടങ്ങും എന്ന് ഞാന്‍ ഭയപ്പെടുന്നു. ആത്മാഭിമാനവും മാന്യതയും നിലനിര്‍ത്തുന്നതിന് വര്‍ത്തമാനത്തില്‍ ഇനിയും തുടര്‍ന്നുപോകുന്നത് തടസ്സം സൃഷ്ടിക്കുമെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് ഞാന്‍ രാജിവെയ്ക്കുകയാണ്. എന്നെ ഡ്യൂട്ടിയില്‍ നിന്നും റിലീവ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുഅതോടൊപ്പം താങ്കളോട് ചില അഭ്യര്‍ത്ഥനകള്‍ ബാക്കിയുണ്ട്.

1. എന്റെ പേരില്‍ വര്‍ത്തമാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വിജയബാങ്കില്‍ നിന്നും എടുത്തിട്ടുള്ള ലോണ്‍ തുക എത്രയും പെട്ടെന്ന് തിരിച്ചടക്കണം. ഈ ബാധ്യത തുടരുന്നതില്‍ എനിക്ക് താല്‍പര്യമില്ല. വര്‍ത്തമാനത്തില്‍ നിന്നും പിരിഞ്ഞുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോണ്‍ തുക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ എന്റെ പഴയ സഹപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുന്നത് എനിക്കറിവുള്ളതാണ്. ഈ ബുദ്ധിമുട്ട് സഹിക്കാന്‍ എനിക്ക് ബാധ്യതയില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന്, ഏറിയാല്‍ ഒരാഴ്ചയ്ക്കകം എന്റെ ലോണ്‍തുക തിരിച്ചടക്കണം.

2. എന്റെ പേരില്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി എടുത്തു എന്ന് അറിയിക്കണം. താങ്കളും താങ്കളുടെ സ്ഥാപനവും എനിക്ക് നല്‍കിയിട്ടുള്ള സഹകരണത്തിന് നന്ദി പറയുന്നതിനോടൊപ്പം എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും മാനേജ്‌മെന്റിലെ ചിലരുടെ പിടിവാശിയില്‍ പെട്ട് ഒന്നും ചെയ്യാന്‍ കഴിയാത നിസ്സഹായരായി പോകുകയും ചെയ്ത ശ്രീ കെ.സി റിയാസ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ (അസാസിയേറ്റ് എഡിറ്റര്‍) റസാഖ് പൈമ്പ്രോട്ട് (കോഡിനേറ്റിംഗ് എഡിറ്റര്‍) എന്‍.പി ഹാഫിസ് മുഹമ്മദ് (ഹോണററി എഡിറ്റര്‍) എന്നീ നന്മനിറഞ്ഞ മനുഷ്യരോടുള്ള കടപ്പാടും ഞാനിവിടെ മറച്ചുവെക്കുന്നില്ല. എന്നോട് സഹകരിച്ച എല്ലാ വര്‍ത്തമാനം സഹപ്രവര്‍ത്തകരോടും ഒരിക്കല്‍ കൂടി പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊണ്ട്

സ്‌നേഹപൂര്‍വ്വം

അജിലാല്‍ വി.സി
ഫോട്ടോഗ്രാഫര്‍
വര്‍ത്തമാനം ദിനപത്രം
കോഴിക്കോട്

ഇത്ര കൂടി: ഈ രാജിക്കത്തിന് മറുപടിയോ അതില്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്്‌നങ്ങള്‍ക്ക് പരിഹാരമോ ഉണ്ടായില്ല. അജിലാല്‍ സ്ഥാപനം വിട്ടുപോയി. കുറെ നാള്‍ ജോലിയില്ലാതെ നടന്നു. കിട്ടാനുള്ള പണത്തിന് വേണ്ടി വര്‍ത്തമാനത്തിന്റെ അധികൃതര്‍ക്ക് ഫോണ്‍ ചെയ്ത് മടുത്തു. കിട്ടാനുള്ള പണം പോകട്ടെ, കമ്പനി വരുത്തിവെച്ച കടത്തില്‍ നിന്നും രക്ഷപ്പെടാനും വര്‍ത്തമാനം അനുവദിച്ചില്ല. ആരും ഇതേപ്പറ്റി വിളിച്ചുചോദിച്ചില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാഴ്ച മുമ്പ് വര്‍ത്തമാനത്തില്‍ നിന്ന് ജെനറല്‍ മാനേജരുടെ ഫോണ്‍ കോള്‍! പുണ്യമാസമല്ലേ, സക്കാത്ത് വല്ലതും തരാനായിരിക്കും എന്ന് വിചാരിച്ച് ഫോണ്‍ എടുത്തു. ഇതുവരെയില്ലാത്ത സ്‌നേഹാദരങ്ങളോടെ മറുതലയ്ക്കല്‍ നിന്നും മുജാഹിദ് മൊഴി: ‘അജിലാലേ… വിജയാ ബാങ്കിന്റെ ഒരു സമണ്‍സ് കിട്ടിയോ? കിട്ടിയിട്ടില്ലെങ്കില്‍ ഉടനെ കിട്ടും.’ അങ്ങനെ അജിലാലിനും കിട്ടി, വര്‍ത്തമാനത്തിന്റെ സമണ്‍സ്! അതിന്റെ സന്തോഷം അടക്കാന്‍ പറ്റാത്തതുകൊണ്ട് പുണ്യമാസത്തില്‍ വര്‍ത്തമാനം ജനറല്‍ മാനേജര്‍ക്ക് കുറെ പച്ചമലയാളം കേള്‍ക്കേണ്ടിവന്നു. പാവം. ഇതെത്ര കേള്‍ക്കുന്നതാ…അല്ലേ… എന്ന് വര്‍ത്തമാനത്തിലെ മുജാഹിദ് നേതാക്കള്‍!! ഇതിനൊക്കെയുള്ള പുണ്യം ഒന്നാകെ അങ്ങ് കോടതിയില്‍ നി്ന്ന് കിട്ടിക്കോളും….


Advertisement