Categories

ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനാ പ്രവാഹം

tmjacoതിരുവന്തപുരം: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ സമൂഹത്തിന്റ വിവിധ തുറയിലുള്ളവര്‍ അനുശോചനമറിയിച്ചു. ജേക്കബിന്റെ നിര്യാണം കേരളാ രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജേക്കബിന്‍ മരണം അതീവ ദു:ഖകരമാണെന്നും മികച്ച പാര്‍ലമെന്റേറിയനെയാണ് ജേക്കബിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

രാഷ്ട്രീയ രംഗത്ത് സ്വന്തം നിലപാട് എന്നും ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ചിരുന്ന ടിഎം ജേക്കബിന്റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം.മാണിയും ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.

ജേക്കബിന്റെ നിര്യാണത്തോടെ ഇളയ സഹോദരനെയാണു തനിക്കു നഷ്ടമായതെന്നു മാണി പ്രതികരിച്ചു . മൂന്നു പതിറ്റാണ്ട് നിയമസഭാംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടി.എം. ജേക്കബ് തന്റെ പാര്‍ട്ടിയിലൂടെയാണു പൊതു പ്രവര്‍ത്തന രംഗത്തെത്തിയതെന്നും ചുരുങ്ങിയ കാലംകൊണ്ടു ശ്രദ്ധേയനായ യുവജന നേതാവായി മാറാന്‍ ജേക്കബിനു സാധിച്ചെന്നും കെ.എം.മാണി അനുസ്മരിച്ചു.

ടി.എം. ജേക്കബുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന തനിക്കു മികച്ച സുഹൃത്തുക്കളില്‍ ഒരാളെയാണു നഷ്ടമായതെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അനുസ്മരിച്ചു. മികച്ച സംഘാടകന്‍ എന്ന നിലയില്‍ ചെറുപ്പത്തില്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു ജേക്കബ്. കേരളം കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളായിരുന്നെന്നും മന്ത്രിയെന്ന നിലയിലും മികവു പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും കാര്‍ത്തികേയന്‍ ഓര്‍മ്മിച്ചു.

കേരള നിയമസഭ കണ്ട ഏറ്റവും സമര്‍ഥനായ സാമാജികരില്‍ ഒരാളും നല്ലൊരു ഭരണാധികാരിയുമായിരുന്നു ടി.എം. ജേക്കബ് എന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രഫ.കെ.വി. തോമസ് അനുസ്മരിച്ചു. എക്കാലത്തും യുഡിഎഫ് പ്രസ്ഥാനത്തോടൊപ്പം ഉറച്ചുനിന്നിട്ടുള്ള ജേക്കബിന്റെ വിയോഗം ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വന്‍ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മന്ത്രിമാരായ പി.ജെ.ജോസഫ്, കെ.ബാബു, വി.എസ്.ശിവകുമാര്‍, ജയലക്ഷ്മി, എം.കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നിയമസഭാ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി.എം.പി നേതാവി എം.വി.രാഘവന്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

2 Responses to “ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനാ പ്രവാഹം”

  1. Manojkumar.R

    വ്യത്യസ്തമായ ആശയവീക്ഷണങ്ങള്‍ വച്ച് പുലര്‍ത്തിയ നല്ലൊരു ഭരണാധികാരിയെ ആണ് നമുക്ക് നഷ്ടമായത്.ശ്രീ ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

  2. KP ANIL

    വിവാദങ്ങളും അപവാദങ്ങളും ഇല്ലാത്ത ലോകത്തേക്ക് പോയ ഒരു നല്ല ഭരണാധികാരിക്ക് കണ്ണിരില്‍ കുതിര്‍ന്ന ബാഷ്പാഞ്ജലി !!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.