Administrator
Administrator
വര്‍ഗീസ് വധം: ലക്ഷ്മണക്ക് ജീവപര്യന്തം
Administrator
Thursday 28th October 2010 11:50am

കൊച്ചി: പ്രമാദമായ നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐ.ജി ലക്ഷ്മണക്ക് ജീവപര്യന്തം തടവ് ശിക്ഷ. പതിനായിരം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. ലക്ഷമണ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജി കെ വിജയകുമാറാണ് ശിക്ഷ വിധിച്ചത്. പോലീസിന് ശിക്ഷ വിധിക്കാന്‍ അധികാരമില്ലെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. ലക്ഷമണയെ പൂജപ്പുര സെന്റര്‍ ജയിലിലേക്ക് കൊണ്ട് പോകും.

വര്‍ഗീസ് വധം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള സി.ബി.ഐ വാദം കോടതി തള്ളി. സര്‍വ്വീസ് കാലത്ത് തനിക്ക് ഒരിക്കല്‍ പോലും ശിക്ഷണ നടപടി ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും മികച്ച സേവനത്തിന് സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നും ഐ.ജി ലക്ഷമണ കോടതിയില്‍ പറഞ്ഞു.

കേസിലെ മൂന്നാം പ്രതിയായ മുന്‍ ഡി.ജി.പി പി. വി വിജയനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയക്കുകയായിരുന്നു. വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തശേഷം കാട്ടില്‍ കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നെന്ന സി.ബി.ഐയുടെ വാദം കോടതി ശരിവച്ചു. പ്രതി തീവ്രവാദിയാണെങ്കില്‍ പോലും കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലപ്പെടുക എന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. കൂടാതെ ഇത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനേറ്റ തീരാകളങ്കമാണെന്നും കോടതി പറഞ്ഞു.

ജന്മിമാര്‍ കര്‍ഷക തൊഴിലാളികളെയും അടിയാളരെയും അടിയാള ചൂഷണം ചെയ്തിരുന്നു അറുപതുകളിലാണ് വയനാട്ടില്‍ നക്‌സല്‍ പോരാട്ടങ്ങള്‍ ശക്തമായത്. പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ തുടക്കം കുറിച്ച പ്രസ്ഥാനത്തിന് വയനാട്ടില്‍ ശക്തമായ വേരുകളുണ്ടായി. വസന്തത്തിന്റെ ഇടിമുഴക്കമായി വര്‍ഗീസ് ജന്മികള്‍ക്കെതിരെയും ഭരണകൂടത്തിനെതിരെയും സായുധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ജന്മിമാരുടെ കാടത്ത മനോഭാവത്തിനെതിരെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൂമ്പാരക്കൊല്ലിയിലും കൂമന്‍കൊല്ലിയിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. അജിതയും തേറ്റമല കൃഷ്ണന്‍കുട്ടിയും ഗ്രോ വാസുവും കിസാന്‍ തൊമ്മനുമെല്ലാം എത്തിയതോടെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ നിഴലിലേക്ക് വയനാടും വഴിപ്പെടുകയായിരുന്നു.

വര്‍ഗീസിനെത്തേടി രാപകലില്ലാതെ പോലീസുകാര്‍ കോളനികള്‍ കയറിയിറങ്ങി. ചെറുത്തുനില്‍പ്പ് ശക്തമായതോടെ കൂടുതല്‍ പോലീസ് വയനാട്ടില്‍ ക്യാമ്പ് ചെയ്തു. കിസാന്‍ തൊമ്മന്റെ മരണവും തേറ്റമലയുടെയും അജിതയുടെയും അറസ്റ്റും വര്‍ഗീസിന്റെ പോരാട്ടങ്ങള്‍ക്ക് മങ്ങലേല്‍പിച്ചു. ഒടുവില്‍ ഒരു ആദിവാസിക്കുടിലില്‍നിന്നും വര്‍ഗീസിനെ പോലീസ് വലയിലാക്കി.

നക്‌സല്‍ വര്‍ഗീസ് പോലീസുമായി ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചു. മാനന്തവാടിയിലെ പോലീസ് സ്‌റ്റേഷന്‍പരിസരത്ത് പ്രദര്‍ശിപ്പിച്ചിരുന്ന വര്‍ഗീസിന്റെ മൃതദേഹം കാണാന്‍ ആളുകള്‍ തടിച്ചുകൂടി.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെയാണ് വര്‍ഗീസ് വധം വീണ്ടും വാര്‍ത്തയാകുന്നത്. 1999ല്‍ സി.ബി.ഐ. ഏറ്റെടുത്ത കേസില്‍ 71 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. വര്‍ഗീസിന്റെ സഹോദരനായ തോമസ് ഒന്നാംസാക്ഷിയും ജോസഫ് രണ്ടാം സാക്ഷിയുമായിരുന്നു.

Advertisement