കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ പ്രതിഭാഗത്തിന്റെ വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാറാണു കേസ് പരിഗണിക്കുന്നത്. കേസില്‍ സി.ബി.ഐ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

വയനാട്ടിലെ ഗിരിവര്‍ഗ സമൂഹത്തിന്റെ രക്ഷയ്ക്കുവേണ്ടി പോരാടിയ നക്‌സല്‍ വര്‍ഗീസിന്റെ കൊലപാതകം സ്വതന്ത്ര ഇന്ത്യയുടെ പൊലീസ് സംവിധാനത്തിനു തന്നെ നാണക്കേടാണെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു.

നിരായുധനായി കീഴടങ്ങിയ വര്‍ഗീസിനെ പിടികൂടി കൈകള്‍ പിന്നില്‍ കെട്ടിയ ശേഷം, വിസമ്മതിച്ച കീഴ്ജീവനക്കാരനെ ഭീഷണിപ്പെടുത്തി വെടിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയതു പൊലീസ് മേധാവികള്‍ തന്നെയാണ്.

ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ നീചമായ കൃത്യത്തിനു പൊലീസിന്റെ ശക്തിയും ഭരണകൂടത്തിന്റെ അധികാരങ്ങളും പ്രയോഗിച്ചതിനു വ്യക്തമായ തെളിവുണ്ടെന്നു സി.ബി.ഐ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വൈക്കം എന്‍. പുരുഷോത്തമന്‍ നായര്‍ ചൂണ്ടിക്കാട്ടി.