കൊച്ചി: വനിതയുടെ അവാര്‍ഡ് സ്‌പെഷ്യല്‍ മാസികയുടെ കവര്‍ വിവാദത്തില്‍. കറുത്ത നിറമുള്ള താരങ്ങളെ ഫോട്ടോഷോപ്പിലൂടെ വെളിപ്പിച്ച് അവതരിപ്പിച്ചതാണ് വനിതയ്ക്ക് തിരിച്ചടിയായത്.

മാര്‍ച്ച് ആദ്യലക്കത്തിന്റെ കവറാണ് വിവാദത്തിന് തിരികൊളുത്തയത്. ഇരുണ്ട നിറമുള്ള വിനായകനേയും വിഷ്ണു ഉണ്ണികൃഷ്ണനേയും ആവശ്യത്തില്‍ കൂടുതല്‍ വെളുപ്പിച്ചതാണ് വിവാദത്തിന് കാരണം. പ്രയാഗ മാര്‍ട്ടന്‍, ആശാ ശരത്ത്, മഞ്ജു വാര്യര്‍, അനുശ്രീ എന്നിവരും കവറിലുണ്ട്.

വെളുത്ത നിറത്തോടുള്ള മനോരമയുള്‍പ്പടെയുള്ള മാധ്യമങ്ങളുടെ അഭിനിവേശത്തിന്റെ തെളിവാണ് ഇതെന്നാണ് വനിതയുടെ കവറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

നേരത്തെ വിനായകനുള്‍പ്പടെയുള്ള താരങ്ങള്‍ അവാര്‍ഡ് നല്‍കാത്ത മുഖ്യധാര ചാനലുകളുടെ അവാര്‍ഡ് നിശകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അപ്പോള്‍ വിനായകന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കി വനിത ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കമ്മട്ടിപ്പാടത്തിലെ അസാമാന്യ പ്രകടനം കണക്കിലെടുക്കാതെ വിനായകനേയും ഗപ്പി, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളേയും തഴഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.


Also Read: ‘ നിങ്ങളുടെ മനസ്സ് മലിനമാക്കിയത് ആരാണെന്ന് എനിക്കറിയാം ‘ ; കിരണ്‍ റിജ്ജിജുവിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍


വിനായകന് വനിത അവാര്‍ഡ് നല്‍കിയതിനെ സോഷ്യല്‍മീഡിയ ആവേശപ്പൂര്‍വ്വമായിരുന്നു സ്വീകരിച്ചത്. എന്നാല്‍ പുതിയ മാസികയുടെ കവര്‍ പുറത്ത് വന്നതോടെ വനിതയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

വിനായകന് അവാര്‍ഡ് ലഭിക്കാതിരിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ നിറമായിരുന്നു എന്നായിരുന്നു ആരോപണം. അതേ കാരണത്താലാണ് ഇപ്പോള്‍ വനിതയുടെ കവറില്‍ വിനായകനേയും വിഷ്ണുവിനേയും വെളുപ്പിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.