ന്യൂദല്‍ഹി: വനിതാ ബില്‍ രാജ്യ സഭയില്‍ വോട്ടിനിട്ടു. ഒരു വിഭാഗം എം പിമാരുടെ ശക്തമായ എതിര്‍പ്പിനിടെയാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ച് കൊണ്ട് സ്പീക്കര്‍ ഹമീദ് അന്‍സാരിയുടെ പ്രഖ്യാപനമുണ്ടായത്. ബഹളംമൂലം ചര്‍ച്ച കൂടാതെ വോട്ടിനിടുകയായിരുന്നു. ശബ്ദവോട്ടിനിട്ട് ബില്‍ പാസായെങ്കിലും ഭരണഭേദഗതിയായതിനാല്‍ അധ്യക്ഷന്‍ ഡിവിഷന്‍ വോട്ടിന് നിര്‍ദേശിക്കുകയായിരുന്നു.

ബില്ലിനെ പിന്തുണച്ച് കൊണ്ട് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, സി പി ഐ എം നേതാവ് ബൃന്ദ കാരാട്ട്, സി പി ഐ നേതാവ് ഡി രാജ, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. ഇതിനിടെ രാജ്യ സഭയില്‍ നിന്ന് അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.

Subscribe Us:

നേരത്തെ വനിതാബില്‍ അവതരണ സമയത്ത് രാജ്യ സഭയില്‍ ബഹളമുണ്ടാക്കിയ ഏഴ്് എം പിമാരെ സസ്‌പെന്‍ന്റ് ചെയ്തതായി രാജ്യസഭ ഉപദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു. ഇവര്‍ വീണ്ടും നടുത്തളത്തിലിരുന്ന ബഹളം വെച്ചതിനാല്‍ സഭയില്‍ നിന്ന് ബലം പ്രയോഗിച്ച് മാറ്റി. ബലപ്രയോഗത്തിനിടെ ഒരു എം പിക്ക് പരിക്കേറ്റു.

ഐജാസ് അലി, നന്ദകിഷോര്‍ യാദവ്, സുഭാഷ് യാദവ്, ഷബീര്‍ അലി, വീര്‍ പാല്‍ സിങ്ങ്, അമര്‍ ആലം ഖാന്‍, കമാല്‍ അക്തര്‍ എന്നിവരെയാണ് സസ്‌പെന്‍ന്റ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍ എസ് പി, ജെ ഡി യു, ആര്‍ ജെ ഡി, എല്‍ ജെ ഡി അംഗങ്ങളാണിവര്‍..

ഇന്ന് രാവിലെ സഭ ചേര്‍ന്ന ഉടന്‍ ഒരു വിഭാഗം ബഹളം തുടങ്ങിയതിനാല്‍ നടപടികള്‍ ഉച്ചക്ക് 12 വരെ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ചേര്‍ന്നപ്പോഴും ബഹളം കാരണം നിര്‍ത്തിവെക്കേണ്ടി വന്നു. വൈകീട്ട് മൂന്ന് മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെയാണ് ഏഴ് പേരെ മാറ്റിയത്.