ലിപിന്‍രാജ്

അഭിഭാഷകനെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതുവെന്ന് ആരോപിച്ച് ബാര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന എസ്.പി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. മാര്‍ച്ച് തടഞ്ഞ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ ഉന്തും തള്ളും പിന്നീട് ലാത്തി ചാര്‍ജിലേക്ക് നയിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ചില പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. കോടതി വളപ്പില്‍ പ്രവേശിച്ച് അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും നേരിട്ട പോലീസ് പിന്നീട് ജില്ലാ ജഡ്ജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോടതി വളപ്പ് വിട്ടത്. അഭിഭാഷകരുടെ റാലിയെ പ്രതികാര ബുദ്ധിയോടെയാണ് പോലീസ് നേരിട്ടതെന്നാണ് ആരോപണം. വഞ്ചിയൂര്‍ കോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കൊഞ്ചിറ നീലകണ്ഠന്‍ നായര്‍ സംസാരിക്കുന്നു

‘ചൊവ്വാഴ്ച വൈകീട്ടോടെ ആര്യനാട്ടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ബിനുകുമാര്‍ എന്ന വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനെ മറനല്ലൂര്‍ എസ്.ഐ മനോജ് ചന്ദ്രന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ബൈക്ക് തടഞ്ഞ് ഫൈന്‍ ഈടാക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ കോടതിയിലെത്താമെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇത് എസ്.ഐയെ പ്രകോപിപ്പിച്ചു.

ബൈക്കില്‍ പോകുമ്പോള്‍ ഫോണില്‍ സംസാരിച്ചുവെന്ന പേരില്‍ ബിനുവിനെ കസ്റ്റഡിയിലെടുക്കുകയും പോലീസിനെ കൃത്യനിര്‍വ്വഹണത്തില്‍ തടസപ്പെടുത്തിയെന്നതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബിനുവിനെ അന്ന് പോലീസ് കസ്റ്റഡിയില്‍ വെച്ചു. ഇതിനിടെ മദ്യപിച്ചു വാഹനമോടിച്ചുവെന്ന കേസും ബിനുവിന്റെ പേരില്‍ ചുമത്തി. ബുധനാഴ്ചയോടെ ബിനുവിനെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കുകയും ജാമ്യം ജാമ്യം ലഭിക്കുകയും ചെയ്തു.

പോലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ സമാധാനപരമായാണ് അഭിഭാഷകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. 1500 ഓളം അഭിഭാഷകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. വഞ്ചിയൂര്‍ ജംഗ്ഷനില്‍ വെച്ചാണ് മാര്‍ച്ച് പോലീസ് തടഞ്ഞത്. പിന്നീട് അഭിഭാഷകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിന്റെ മര്‍ദനമേറ്റു. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അവരുടെ ഇടപെടല്‍ പ്രശ്‌നം വഷളാക്കുകയാണ് ചെയ്തത്. ഇതിനിടെ കോടതി വളപ്പില്‍ പ്രവേശിച്ച പോലീസ് അവിടെ വെച്ചും മര്‍ദനം തുടര്‍ന്നു. ഇവിടെ വെച്ചാണ് നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റത്. പോലീസ് അതിക്രമം കൈവിടുന്ന സ്ഥിതിയെത്തിയപ്പോള്‍ ജില്ലാ ജഡ്ജ് എത്തി പോലീസിനോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കോടതി ബഹിഷ്‌കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. അതിനായി കൊച്ചി അഭിഭാഷകരുമായി ബന്ധപ്പെട്ടിട്ടുണ്ട്’.


പോലീസ് മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ്പിടിച്ച് ആക്രമിക്കുകയാണോയെന്ന് സംശയിക്കുന്നതായി ബി.ആര്‍.പി ഭാസ്‌കര്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്ന സ്ഥിതിയുണ്ടായിട്ടും പോലീസ് മനപൂര്‍വ്വം മര്‍ദിക്കുകയായിരുന്നുവെന്നാണ് മനസിലാകുന്നതെന്നും ഭാസ്‌കര്‍ പറഞ്ഞു.