തിരുവനന്തപുരം: വഞ്ചിയൂരില്‍ അഭിഭാഷകരുടെ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പേട്ട സി.ഐ സാബു, കോണ്‍സ്റ്റബിള്‍ പ്രകാശ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഐ.ജി ഹേമചന്ദ്രന്റെതാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.പി ജോളിചെറിയാനെ ചുമതലപ്പെടുത്തി.

വഞ്ചിയൂര്‍ കോടതി പരിസരത്ത് ഇന്ന് രാവിലെയാണ് അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് മര്‍ദിക്കുകയായിരുന്നു. മൂന്ന് അഭിഭാഷകര്‍ക്കും നാല് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

വാഹന പരിശോധനക്കിടെ വിനു എന്ന യുവ അഭിഭാഷകനെ അകാരണമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് അഭിഭാഷകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. രാവിലെ കോടതി ബഹിഷ്‌കരിച്ച് മാര്‍ച്ച് നടത്തിയ അഭിഭാഷകരെ പോലീസ് തടയുകയായിരുന്നു. അഭിഭാഷകരുടെ ഭാഗത്ത് നിന്ന് അക്രമമുണ്ടായെന്ന് ആരോപിച്ച് പോലീസ് ലാത്തിചാര്‍ജ് നടത്തു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ കോടതിക്കുള്ളിലേക്ക് കയറി അഭിഭാഷകരെ തിരഞ്ഞുപിടിച്ചു മര്‍ദിക്കുകയായിരുന്നു. ഇതിനിടയിലാണ് നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.