പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ ബന്ധുക്കളായ മധു, ഷിബു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.


Also read രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയതിന് 1600രൂപ പിഴ 


ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കുട്ടികളുടെ മരണത്തെ സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കസബ എസ്.ഐ പി.സി ചാക്കോയെയാണ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തതിയതിന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മധുവിനെയും ഷിബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരുടെ ഇളയച്ഛന്റെ മകനും അയല്‍വാസിയുമാണ് കേസില്‍ ഒന്നാം പ്രതിയായ മധു. ഇടുക്കി രാജാക്കാട് സ്വദേശിയായ ഷിബു കുട്ടികളുടെ അച്ഛന്റെ സുഹൃത്താണ്. ഇയാള്‍ ഈ വീട്ടില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്. പത്ര കുറിപ്പിലൂടെയാണ് അറസ്റ്റ് വിവരം പൊലീസ് പുറത്ത് വിട്ടത്.

നേരത്തെ കുട്ടികളുടെ മരണത്തില്‍ ബന്ധു ഉള്‍പ്പെടെ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളുടെ മേല്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളുമാകും ചുമത്തുക.