നര്‍മത്തിന് പ്രാധാന്യം നല്‍കിയൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വല്ലാത്ത പഹയന്‍’. മഴവില്‍ മനോരമയിലെ ഹാസ്യപരമ്പരയായ ‘മറിമായ’ത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Ads By Google

റസാക്ക് നിയാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു. മറിമായത്തിലെ പ്രധാന താരങ്ങളായ മണികണ്ഠന്‍ പട്ടാമ്പി, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ശ്രീ കുമാര്‍ എസ്.പി, രചന, സ്‌നേഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഇര്‍ഷാദ്, ജനാര്‍ദനന്‍, മാമുക്കോയ, കൊച്ചു പ്രേമന്‍, കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കര്‍ഷകനായ ബാലന്റെയും ഭാര്യ സുമിത്രയുടേയും രണ്ട് മക്കളുടെയും കഥയാണ് വല്ലാത്ത പഹയന്‍ പറയുന്നത്. മനുഷ്യസഹജമായ അത്യാഗ്രഹം മൂലം നഷ്ടമാകുന്ന സ്വസ്ഥതയെ കുറിച്ചാണ് ചിത്രം പറയുന്നത്.

ബാലനായി മണികണ്ഠന്‍ പട്ടാമ്പിയും സുമിത്രയായി രചനയും വേഷമിടുന്നു. കെ.വി വിജയനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി എല്ലാം വെട്ടിപ്പിടിക്കാന്‍ ഓടുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.