കൊച്ചി: കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെ വ്യവസായ ചരിത്രത്തിലെ നാഴികകല്ലാണ് വല്ലാര്‍പാടം പദ്ധതിയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കൊച്ചിയില്‍ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ വിവിധ പദ്ധതികളില്‍ പ്രധാനമന്ത്രി അനുകൂല നിലപാടുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ റെയില്‍വേ സംസ്ഥാനത്തെ അവഗണിക്കുകയാണെന്നും ഇതിലും പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.