കൊച്ചി:വല്ലാര്‍പ്പാടം പദ്ധതി കൊച്ചിയുടെ വികസനത്തിന്റെ പ്രധാനഘടകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു വ്യവസായിക സംസ്ഥാനമാക്കി കേരളത്തെ വളര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. വല്ലാര്‍പാടത്തിനൊപ്പം ഉള്‍നാടന്‍ ജലഗതാഗതവും വികസിപ്പിക്കണമെന്നും നിക്ഷേപകര്‍ക്ക് കടന്നുവരാന്‍ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി കളമശേരിയില്‍ നിന്നും വല്ലാര്‍പാടത്തേക്ക് നിര്‍മിച്ച രണ്ടുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളിയില്‍ നിന്നും വല്ലാര്‍പാടത്തേക്കു നിര്‍മിച്ച റെയില്‍പാതയും രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ഗവര്‍ണര്‍ ആര്‍.എസ്.ഗവായ്, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, ജി.കെ വാസന്‍, സി.പി ജോഷി, മുകള്‍ റോയ്, കെ.വി തോമസ്, കെ.സി വേണുഗോപാല്‍, ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്‌ . ഡി പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുല്യമിന്റെ നേതൃത്വത്തില്‍ ദുബായ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.