എഡിറ്റര്‍
എഡിറ്റര്‍
വല്ലാര്‍പാടത്ത് സുരക്ഷാ വീഴ്ച അനുവദിക്കില്ല: എ.കെ ആന്റണി
എഡിറ്റര്‍
Saturday 10th November 2012 3:00pm

ന്യൂദല്‍ഹി: വല്ലാര്‍പാടത്ത് സുരക്ഷാ വിട്ടുവീഴ്ച അനുവദിക്കാനാകില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ആന്റണി ദല്‍ഹിയില്‍ പറഞ്ഞു.

Ads By Google

കബോട്ടാഷ് നിയമത്തില്‍ ഇളവ് വരുത്താത്തതിനാല്‍ സുരക്ഷാ പരിശോധനയില്‍ കൂടുതല്‍ കാലതാമസം വരുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം.

എല്ലാ കണ്ടെയ്‌നറുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സുരക്ഷാ പരിശോധന കരാറിന്റെ ഭാഗമാണെന്നും വല്ലാര്‍പാടത്തെ പ്രശ്‌നങ്ങള്‍ അല്ലാതെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയതിന് ശേഷമേ ഏത് പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളു. വല്ലാര്‍പാടത്ത് ഒരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു.

പദ്ധതിക്കായി കബോട്ടാഷ് നിയമം ഇളവുചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തുവെങ്കിലും പ്രതിരോധവകുപ്പിന്റെ നിബന്ധനകള്‍ പാലിച്ചാല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കാര്യക്ഷമമായും വേഗത്തിലും പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ടെര്‍മിനലിലെത്തുന്ന എല്ലാ ഇറക്കുമതി കണ്ടെയ്‌നറുകളും ‘സ്‌കാനിങ്’ നടത്തണമെന്ന നിബന്ധനയാണ് പ്രതിരോധവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.

വല്ലാര്‍പാടത്ത് ഒരുവര്‍ഷം നാലുലക്ഷത്തോളം ഇറക്കുമതി കണ്ടെയ്‌നറുകള്‍ വരുമെന്നാണ് കണക്കുകൂട്ടുന്നത്. ദിവസം ശരാശരി 1095 കണ്ടെയ്‌നറുകള്‍ ഇറക്കിവയ്ക്കും. ഒരു കണ്ടെയ്‌നര്‍ പരിശോധിക്കുന്നതിന് കുറഞ്ഞത് 15 മിനിറ്റ്‌വേണം. ഇങ്ങനെ കണക്കാക്കിയാല്‍ ഒരുദിവസം ഇറക്കുന്ന കണ്ടെയ്‌നറുകള്‍ പരിശോധിക്കുവാന്‍ 11 ദിവസം വേണ്ടിവരുമെന്ന് വ്യവസായികള്‍ പറയുന്നു.

Advertisement