Categories

വലിയവിള വെടിവയ്പ്പ് : മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യവിരുദ്ധം : ആഭ്യന്തര സെക്രട്ടറി

handgun

തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയില്‍ റിട്ട.ലഫ്.കേണല്‍ മഹാരാജ്  ബ്രല്‍വി തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി.

ബ്രല്‍വിക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന് പൂജപ്പുര പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും തുടര്‍ന്ന് ആഭ്യന്തര വകുപ്പില്‍ നിന്നും ലൈസന്‍സ് അനുവദിക്കുകയായിരുന്നു എന്ന തരത്തിലുമാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്വയരക്ഷക്കായി ഫോം നം. കകക -ല്‍ ഒരു 0.32 ബോര്‍ പിസ്റ്റല്‍ ഉപയോഗിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരായ ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരുടെയെല്ലാം വ്യക്തമായ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 29.12.2008-ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

28.12.2011-ല്‍ കാലാവധി അവസാനിച്ച ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ബ്രല്‍വി ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഇന്ത്യ മുഴുവന്‍ പരിധിയുള്ള ആയുധ ലൈസന്‍സ് ആയതിനാല്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍(തിരുവനന്തപുരം), എന്നിവരുടെയെല്ലാം പ്രത്യേകം ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഒരു 0.32 Bore pistol No.RP 143780 ഉപയോഗിക്കുന്നതിന് റിട്ട.ലഫ്.കേണല്‍ മഹാരാജ ബ്രല്‍വിയുടെ 42/III/2008/KERALA നമ്പര്‍ ആയുധ ലൈസന്‍സ് പുതുക്കി നല്‍കിയത്.

മറ്റ് ആയുധങ്ങള്‍ ഒന്നും തന്നെ ഈ ലൈസന്‍സിനോട് ചേര്‍ത്ത് ഉപയോഗിക്കുന്നതിന് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിട്ടില്ല.

ലൈസന്‍സ് പുതുക്കി നല്‍കികൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിനും ആഭ്യന്തര വകുപ്പില്‍ നിന്നും നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.