പാലക്കാട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മയുടെ മൊഴി. ബന്ധുവാണ് ഒരു വര്‍ഷം മുമ്പ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീടും ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നു. ഇയാളെ നിരവധി തവണ താക്കീത് ചെയ്തിരുന്നെന്നും പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.

കുട്ടികളുടെ മരണത്തില്‍ ബന്ധുക്കളില്‍ നിന്നു പൊലീസ് മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ അമ്മയില്‍ നിന്നും രണ്ടാനച്ഛനില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കുട്ടികളുടെ മരണം സംഭവിച്ചത്. മരണം സംഭവിച്ചതിന്റെ പിറ്റേദിവസം തന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇതെന്നിരിക്കെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചത് ആത്മഹത്യയല്ലെന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്.


Dont Miss കേരളത്തില്‍ കൃത്രിമ മഴയ്ക്ക് സാധ്യത തേടുന്നതായി പിണറായി വിജയന്‍ 


ഒന്നരമാസത്തിനിടയിലാണ് രണ്ടു കുട്ടികളും മരിച്ചതെന്നതും സംശയത്തിന് ഇടയാക്കുന്നു. മാത്രമല്ല, മൂത്ത കുട്ടി മരിച്ച ദിവസം രണ്ടു പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെന്നു ഇളയ കുട്ടി പൊലീസിനു മൊഴി നല്‍കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായോ എന്ന സംശയത്തെ തുടര്‍ന്നാണ് ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നത്.

മാര്‍ച്ച് നാലിനാണ് ശരണ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം വരെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടന്ന ശരണ്യ പെട്ടെന്ന് തൂങ്ങിമരിക്കാനുള്ള യാതൊരു കാരണവും ഇല്ലെന്നും ബന്ധുക്കള്‍ പറയുന്നു.