എഡിറ്റര്‍
എഡിറ്റര്‍
വളപ്പട്ടണം സംഭവം: എസ്.ഐക്ക് സ്ഥലമാറ്റം
എഡിറ്റര്‍
Wednesday 7th November 2012 12:00am

വളപ്പട്ടണം: വളപ്പട്ടണം എസ്.ഐ  സിജുവിന് കോഴിക്കോട്ട് ചോമ്പാലയിലേക്ക് സ്ഥലംമാറ്റം. വളപ്പട്ടണത്ത് അനധികൃത മണല്‍കടത്തലിന്റെ പേരില്‍ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പുറത്തിറക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനേയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Ads By Google

ഇതിനെ തുടര്‍ന്ന് കെ.സുധാകരന്‍ എം.പിയുടെ നേതൃത്വത്തിലെത്തിയ സംഘം പോലീസ് സ്‌റ്റേഷനിലെത്തി പ്രതികളെ മോചിപ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എസ്.ഐക്കെതിരെ സുധാകരന്‍ നടത്തിയ അസഭ്യവര്‍ഷവും തുടര്‍ന്ന് തിരുവഞ്ചൂര്‍-സുധാകരന്‍ യുദ്ധത്തിനും കളമൊരുങ്ങിയിരുന്നു.

തുടര്‍ന്ന്  സംഭവം അന്വേഷിക്കാന്‍ തിരുവഞ്ചൂര്‍ ഐ.ജിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഐ.ജിയുടെ റിപ്പോര്‍ട്ട് എസ്.ഐക്ക് പ്രതികൂലമായിട്ടായിരുന്നു ഉണ്ടായിരുന്നത്.

അറസ്റ്റിലായ പ്രതികളെ പോലീസ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചെന്നും ഇത് ഗൗരവമായ കുറ്റമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എസ്.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.

ഐ.ജി ജോസ് ജോര്‍ജാണ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കെ. സുധാകരന്‍ എം.പി അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത കേസുമായി പോലീസ് മുന്നോട്ടുപോകുമെന്നുമാണ് അറിയുന്നത്.

ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍തന്നെ കുറ്റപത്രം നല്‍കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉപയോഗിച്ചാണ് എം.പിക്കും മറ്റുമെതിരെ കേസെടുത്തിരിക്കുന്നത്.

കെ. സുധാകരെനെതിരെ കേസെടുത്തത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാക്കിയിരുന്നു. എ ഗ്രൂപ്പുകാരനായ ആഭ്യന്തരമന്ത്രിക്കെതിരെ പ്രകോപനപരമായ പോസ്റ്ററുകള്‍ സുധാകര അനുകൂലികള്‍ കണ്ണൂരില്‍ വ്യാപകമായി സ്ഥാപിച്ചിരുന്നു. സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Advertisement