വളപ്പട്ടണം: വളപ്പട്ടണം സംഭവം പുതിയ വഴിത്തിരിവിലേക്ക്. അനധികൃതമായി മണല്‍ കടത്തിയവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. മണല്‍ കടത്തലുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പേരെ എസ്.ഐ സിജു അടിവസ്ത്രം മാത്രം ധരിപ്പിച്ച് ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് എസ്.ഐക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്.

Ads By Google

ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് എസ്.ഐക്കെതിരെ പരാമര്‍ശമുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് ഡി.ഐ.ജിക്ക് സമര്‍പ്പിച്ചു. അതേസമയം, ഇവരെ ഇറക്കാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷിനോടും എസ്.ഐ മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും മര്‍ദ്ദിച്ചതായി പറയുന്നില്ല.

പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ കെ. സുധാകരന്‍ എം.പിയുമായുണ്ടായ പ്രശ്‌നം വിവാദമാകാതെ നോക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ പെരുമാറ്റത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ല.

അതേസമയം, സുധാകരന്‍ പറഞ്ഞ വാക്കുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 31 നായിരുന്നു സംഭവം. അനധികൃത മണ്ണ് കടത്തിലിനെ തുടര്‍ന്ന് രണ്ട് പേരെ വളപ്പട്ടണം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.പി രാജേഷും പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ.സുധാകരന്‍ എം.പി പോലീസ് സ്‌റ്റേഷനിലെത്തി എസ്.ഐക്കെതിരെ അസഭ്യ വര്‍ഷവും നടത്തിയിരുന്നു. ഇതോടെ സംഭവം വിവാദമാകുകയും കോണ്‍ഗ്രസിലെ വിഭാഗീയത മറനീക്കി പുറത്ത് വരികയും ചെയ്തു.

പോലീസ് സ്‌റ്റേഷനില്‍ കയറി ആക്രമണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

നിയമപാലകരായ പോലീസിന് നേരെ അക്രമം നടത്തുന്നത് വെറുതെ നോക്കിനില്‍ക്കാനാവില്ലെന്നും അന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു. ആ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.