കണ്ണൂര്‍: വളപട്ടണം സംഭവത്തില്‍ എസ്.ഐ ബി.കെ. സിജുവിനെതിരെ നടപടിയെടുക്കുമെന്ന് ഐ.ജി ജോസ് ജോര്‍ജ്. എന്നാല്‍ നടപടി എന്താണെന്ന് ഐ.ജി വ്യക്തമാക്കിയില്ല.

ലോക്കപ്പ് മര്‍ദനത്തിന്റെ പേരില്‍ സ്ഥലംമാറ്റമാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. എന്നാല്‍ എങ്ങോട്ടാണ് സ്ഥലംമാറ്റുന്നതെന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകാനുള്ളതെന്നും അറിയുന്നു.

Ads By Google

വളപട്ടണം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഐ.ജി ജോസ് ജോര്‍ജാണ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഡി.ജി.പി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.

മണല്‍ കടത്തുമായി ബന്ധപ്പെട്ട് വളപട്ടണം സ്റ്റേഷനിലെ പോലീസുകാര്‍ പിടികൂടിയ രണ്ട് പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലിടുകയും ചൂരല്‍കൊണ്ട് അടിക്കുകയും ചെയ്തതായി ഐ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്കപ്പ് മര്‍ദനം ഗൗരവമായ കുറ്റമാണെന്നും ഇതിന് നടപടി വേണമെന്നുമായിരുന്നു ഡി.ജി.പിയുടെ ശുപാര്‍ശ.

അതേസമയം വളപട്ടണം സംഭവത്തില്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന വിധം അന്യായമായ നടപടി ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഐ.ജിയുടെ റിപ്പോര്‍ട്ട് ഇന്നലെ വൈകിമാത്രമാണ് ലഭിച്ചത്. റിപ്പോര്‍ട്ട് വ്യക്തമായി പഠിച്ച ശേഷം മാത്രമായിരിക്കും നടപടി. സുധാകരനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രി  പറഞ്ഞു.

പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കെ. സുധാകരന്‍ എം.പി അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത കേസുമായി പോലീസ് മുന്നോട്ടുപോകും.

ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍തന്നെ കുറ്റപത്രം നല്‍കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉപയോഗിച്ചാണ് എം.പിക്കും മറ്റുമെതിരെ കേസെടുത്തിരിക്കുന്നത്.

കെ. സുധാകരനെതിരേ കേസെടുത്തത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാക്കിയിരുന്നു. എ ഗ്രൂപ്പുകാരനായ ആഭ്യന്തരമന്ത്രിക്കെതിരെ പ്രകോപനപരമായ പോസ്റ്ററുകള്‍ സുധാകര അനുകൂലികള്‍ കണ്ണൂരില്‍ വ്യാപകമായി സ്ഥാപിച്ചിരുന്നു. സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.